കോന്നി: പ്രകൃതി രമണീയമായ മാങ്കോട്, ചിതൽ വെട്ടി, പാടം പ്രദേശങ്ങളിലെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. പത്തനംതിട്ട , കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ . റീ പ്ലാന്റ് ചെയ്യുന്നതിനായി ഫാമിംഗ് കോർപ്പറേഷനിലെ റബർ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് പ്രദേശങ്ങളുടെ മനോഹാരിത കൂടുതൽ വ്യക്തമായത്. വളഞ്ഞുപുളഞ്ഞ് കിടക്കുന്ന മലനിരകളുടെ ദ്യശ്യഭംഗി ഇപ്പോൾ വ്യക്തമായി കാണാം.
ഈ പ്രക്യതി സൗന്ദര്യം ഉപയോഗപ്പെടുത്തി സർക്കാരിന്റെ ഫാം ടൂറിസം നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ഫാമിംഗ് കോർപ്പറേഷനിലെ എസ്റ്റേറ്റുകൾ. കുന്നും മലകളും വെള്ളച്ചാട്ടങ്ങളും ഹരിതഭംഗിയും താഴ്‌വാരങ്ങളും അരുവികളും ചേർന്നൊരുക്കുന്ന സുന്ദരകാഴ്ചകൾ ടൂറിസം സാദ്ധ്യതകളായി മാറ്റുന്നതിന് അനുയോജ്യവുമാണ്.മാങ്കോട് ചിതൽവെട്ടിയിലെ ഇത്തരം കാഴ്ചകൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഹിറ്റാണ്. രാവിലെയും വൈകുന്നേരവും ഇവിടുത്തെ കാഴ്ചകൾ ഏറെ മനോഹരമാണ്. കോടമഞ്ഞും സൂര്യോദയവും അസ്തമയവും സുന്ദരമായ ദൃശ്യങ്ങളാണ്. ഫാമിംഗ് കോർപ്പറേഷനിലെ ഇളപ്പുപാറയും കോട്ടപ്പാറയും വാഗമണ്ണ് പോലെ മനോഹരമാണ്. റബർ റീ പ്ലാന്റ് ചെയ്യുന്നതിനായി മുറിച്ച ഇടങ്ങളിൽ കൈതക്യഷിയ്ക്കായി തട്ടുതട്ടുകളായി സ്ഥലം ഒരുക്കിയപ്പോഴാണ് ഈ പ്രദേശങ്ങൾ കാഴ്ചയുടെ വസന്തമൊരുക്കുന്നത് തെളിഞ്ഞത്.ഫാമിംഗ് കോർപ്പറേഷനിലെ എസ്റ്റേറ്റുകളുടെ കാഴ്ചയും ഒപ്പം അച്ചൻകോവിൽ വനഭംഗിയും ഒരുമിച്ച് ആസ്വദിച്ച് യാത്ര ചെയ്യുന്നതിനായി ധാരാളം ആളുകൾഇതുവഴി വരാറുണ്ട് .
ഫാം ടൂറിസം കടലാസിൽ
വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഫാം ടൂറിസം പദ്ധതി എന്ന ആശയം കൊണ്ടുവന്നപ്പോൾ പത്തനംതിട്ട,കൊല്ലം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള പദ്ധതിയും ഉയർന്നിരുന്നു.ഫാമിംഗ് കോർപ്പറേഷനിലെ എസ്റ്റേറ്റുകളും ഒപ്പം കുംഭാവുരുട്ടി,പാലരുവി വെള്ളച്ചാട്ടങ്ങളും തെന്മല ഇക്കോ ടൂറിസം,അടവി ടൂറിസം,രാജഗിരി ഉരക്കുഴി വെള്ളച്ചാട്ടം,കുളത്തുമൺ-കല്ലേലി റൂട്ടിലെ ചെളിക്കുഴി വെള്ളച്ചാട്ടം എന്നിവയും ബന്ധിപ്പിച്ച് വലിയൊരു ടൂറിസം പദ്ധതിക്ക് സാദ്ധ്യതയുണ്ട്.
ടൂറിസം സാദ്ധ്യതയുള്ള പ്രദേശങ്ങൾ
1. മാങ്കോട് 2. ചിതൽ വെട്ടി 3. പാടം
വാഗമണ്ണ് പോലെ മനോഹരം
ഫാമിംഗ് കോർപ്പറേഷനിലെ ഇളപ്പുപാറയും കോട്ടപ്പാറയും വാഗമണ്ണ് പോലെ മനോഹരമാണ്. കോട്ടപ്പാറയിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ട്രക്കിംഗ് നടത്താം. ഒപ്പം പുൽമേടുകളിൽ വിശ്രമിക്കാം.പാറക്കൂട്ടങ്ങൾ കടന്ന് കോട്ടപ്പാറയുടെ മുകളിലെത്തിയാൽ ശക്തമായ കാറ്റിന്റെ അകമ്പടിയോടെ സായാഹ്നങ്ങൾ ആസ്വദിക്കാം.
മുള്ളുമല,കുമരംകുടി,അമ്പനാർ,സഹ്യസീമ,ചെരുപ്പിട്ടക്കാവ്,തുടങ്ങിയ എസ്റ്റേറ്റുകളിലൂടെ യാത്ര തുടർന്ന് അച്ചൻകോവിൽ വനമേഖലയിലേക്ക് കടക്കുന്നതിനും സാധിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |