ആറ്റിങ്ങൽ: വാമനപുരം നദിയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നതിനും വേനൽക്കാലത്ത് വെള്ളം സംഭരിക്കുന്നതിനും വേണ്ടി നിർമ്മിക്കുന്ന കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മാണം മുടങ്ങിയിട്ട് രണ്ട് മാസമായി. പണി മുടങ്ങിയതോടെ ജോലിക്കായെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ വരെ ക്യാമ്പ് വിട്ടു. ഒന്നാം ഘട്ടമായ നാനൂറു മീറ്റർ ദൂരത്തിൽ നദിയുടെ ഇരുകരകളിലും പാർശ്വഭിത്തി നിർമ്മിക്കുന്നതിനുവേണ്ടി തെങ്ങിൻ തടികൊണ്ട് താത്കാലിക ബണ്ട് നിർമ്മിച്ച ശേഷമാണ് പണികൾ നിറുത്തിവച്ചത്. 45 കോടി രൂപയാണ് നിർമ്മാണച്ചെലവ്. മൂന്ന് ഘട്ടമായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.
പാർശ്വഭിത്തിക്കായി നദിയിൽ തെങ്ങിൻതടികൾ കുഴിച്ചിട്ട ശേഷം ഓല കൊണ്ട് മൂടി മണ്ണിട്ടു. അതിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. കാലാവസ്ഥ, നദിയിലെ നീരോഴുക്ക് തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നദിയിൽ കുഴിച്ചിട്ട തെങ്ങിൻതടികൾ വെള്ളം നനഞ്ഞു നശിച്ചുതുടങ്ങി.
നിർമ്മാണച്ചെലവ്..... 45 കോടി
ഏക ആശ്രയം
വാമനപുരംനദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വേനൽക്കാലത്ത് നീരോഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നതും പതിവാണ്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഗാർഹിക, ഗാർഹികേതര വാട്ടർ കണക്ഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വാമനപുരം നദിയിൽ ഒരു ഡസനിലധികം ശുദ്ധജല പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
വെനലിൽ കിട്ടാക്കനി
തീരദേശ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്.
വേനലായാൽ കുടിവെള്ള വിതരണവും മുടങ്ങും. കൂടാതെ വേനൽക്കാലക്ക് കടലിൽ നിന്ന് ഉപ്പുവെള്ളം നദിയിൽ കയറി കുടിവെള്ള വിതരണത്തെയും തടസപ്പെടുത്തും. ഇത് പരിഹരിക്കാനായി പൂവമ്പാറ പാലത്തിന് സമീപം 16 വർഷം മുമ്പ് സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതുകൊണ്ട് ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിഞ്ഞെങ്കിലും നദിയിലെ നീരോഴുക്ക് തടഞ്ഞുനിറുത്താൻ കഴിഞ്ഞില്ല. ഇതിന് പരിഹാരമായിട്ടാണ് കൊല്ലമ്പുഴയിലെ ചെക്ക് ഡാം നിർമ്മിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |