റാന്നി: ഇടമുറിയിലും പരിസരങ്ങളിലും രാത്രിയിൽ വാഹന മോഷണം.ഇടമുറി തോമ്പിക്കണ്ടം ചേന്നമലയിൽ സി.പി സുനിൽ,കോവൂർ വീട്ടിൽ സന്തോഷ് എന്നിവരുടെ ഇരുചക്ര വാഹനങ്ങളാണ് മോഷ്ടിച്ചത്.ഇന്നലെ രാവിലെയാണ് വാഹനങ്ങൾ മോഷണം പോയ വിവരം വീട്ടുകാർ അറിയുന്നത്.വീടിന്റെ പോർച്ചിലിരുന്ന വാഹനങ്ങളാണ് കടത്തിയത്.അന്വേഷണത്തിനൊടുവിൽ സുനിലിന്റെ വാഹനം സമീപത്തെ റബർ ബോർഡ് തോട്ടത്തിനുള്ളിൽ നിന്നും കണ്ടെത്തി.മറ്റൊരു വാഹനം മോഷ്ടാക്കൾ ഇടമൺ റൂട്ടിലേക്ക് ഓടിച്ച് പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തി. വെച്ചൂച്ചിറ,റാന്നി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.രണ്ടു പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളിലായാണ് മോഷണം നടന്നത്.റാന്നി പൊലീസ് പരിധിയിൽ നിന്ന് കടത്താൻ ശ്രമിച്ച വാഹനമാണ് കണ്ടെത്തിയത്.ഇടമുറിയിലും പരിസരങ്ങളിലും നാളുകളായി മോഷണങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു.ഒട്ടുപാൽ,റബർഷീറ്റ്,അടയ്ക്ക,നാളീകേരം തുടങ്ങിയവയാണ് കൂടുതലും മോഷണം പോയിരുന്നത്.അടുത്ത സമയത്ത് വസ്ത്രങ്ങളും പാദരക്ഷകളും മോഷണം പോകുന്നുണ്ടായിരുന്നു.പൊലീസ് പരിശോധന രാത്രി കാലങ്ങളിൽ ഇല്ലാത്തതാണ് മോഷണം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.പ്രതികളെക്കുറിച്ച് വിവരം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്.മോഷണം വർദ്ധിച്ചതിൽ നാട്ടുകാരുടെ ആശങ്കക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |