പത്തനംതിട്ട : പുല്ലുതിന്നുന്നതിനിടെ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു ദിവസം കയറിൽ തൂങ്ങിക്കിടന്ന പശുവിന് ഒടുവിൽ ഫയർഫോഴ്സ് രക്ഷകരായി. ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ പശു സുഖമായിരിക്കുന്നു. മൈലപ്ര പഞ്ചായത്ത് പടി വാർഡ് അഞ്ചിലെ മഹേഷ് മാധവ വീട്ടിൽ സരളയുടെ 'ഒാമന' എന്ന പശുവാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. പുല്ലുമേയാൻ റബർതോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ പശുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. മാംസ വിൽപനക്കാർ സമീപിച്ചെങ്കിലും അവർക്കു നൽകാൻ സരള തയ്യാറായില്ല. തന്റെ ഏക ഉപജീവനമാർഗമായ പശുവിനെ ഏതുവിധേനയും രക്ഷിക്കണമെന്നായിരുന്നു തീരുമാനം. ഇന്നലെ ഫയർഫോഴ്സിനെ സമീപിച്ചു. പത്തനംതിട്ടയിൽ നിന്നെത്തിയ സേന പശുവിനെ രക്ഷപ്പെടുത്തി . അവശയായ പശുവിന് നേരെനിൽക്കാൻ കഴിയുമായിരുന്നില്ല. എടുത്തുകൊണ്ടാണ് വീട്ടിലെത്തിച്ചത്.
തൊഴുത്തിൽ കയറുകെട്ടി പശുവിനെ ഉയർത്തി നിർത്തിയ ശേഷമാണ് ഫയർഫോഴ്സ് മടങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അസിം അലി, മോഹനൻ, വിഷ്ണു വിജയ്,ശ്യാം ജി, അനുരാജ്, മായ, അഞ്ജു, ഹോം ഗാർഡുമാരായ ലത പ്രദീപ്, പ്രസന്നൻ, അജയകുമാർ, രാജേഷ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി. ഓമന എന്നാണ്
പശുവിന്റെ പേര് ഒാമന എന്നായതിനാൽ രക്ഷാപ്രവർത്തനത്തിന് ഒാപ്പറേഷൻ ഒാമന എന്നാണ് ഫയർഫോഴ്സ് പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |