ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറുവർഷം പൂർത്തിയാവുകയാണ്. ഈ ശതാബ്ദിയാത്രയിൽ ഒട്ടനവധി ആളുകൾ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരവും പ്രതിസന്ധി നിറഞ്ഞതുമായിരുന്നു ഈ യാത്ര. എങ്കിലും ജനം നൽകിയ പിന്തുണ സന്തോഷം പകരുന്നതായിരുന്നു.
യുവ പ്രവർത്തകർ ദേശസ്നേഹത്താൽ സംഘപ്രവർത്തനത്തിനായി ആദ്യകാലത്ത് യോദ്ധാക്കളെപ്പോലെ രാജ്യമെമ്പാടും സഞ്ചരിച്ചു. അപ്പാജി ജോഷിയെപ്പോലെ കുടുംബസ്ഥനായ പ്രവർത്തകരായാലും ദാദാറാവു പരമാർത്ഥ്, ബാലാസാഹബ് ദേവറസ്, ഭാവുറാവു ദേവറസ്, യാദവറാവു ജോഷി, ഏകനാഥ് റാനഡെ തുടങ്ങിയ പ്രചാരകന്മാരായാലും ഡോ. ഹെഡ്ഗേവാറിന്റെ മാർഗനിർദ്ദേശത്തിൽ സംഘപ്രവർത്തനത്തെ രാഷ്ട്രസേവനത്തിനുള്ള ജീവിതവ്രതമായെടുത്ത് ആജീവനാന്തം പ്രവർത്തിച്ചു.
സമൂഹത്തിന്റെ പിന്തുണയോടെ സംഘപ്രവർത്തനം അനവരതം പുരോഗമിച്ചു. സംഘകാര്യം സാധാരണക്കാരുടെ വികാരങ്ങൾക്ക് അനുസൃതമായതിനാൽ, സമൂഹത്തിൽ സംഘത്തിനുള്ള അംഗീകാരം ക്രമേണ വർദ്ധിച്ചു. വിദേശയാത്രയ്ക്കിടെ ഒരിക്കൽ വിവേകാനന്ദസ്വാമികളോട് ചോദിച്ചു: ''താങ്കളുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും ഇംഗ്ലീഷ് അറിയാത്തവരുമായതിനാൽ താങ്കൾ പറയുന്ന വലിയ ആശയങ്ങൾ ഭാരതത്തിലെ ജനങ്ങളിലേയ്ക്ക് എങ്ങനെ എത്തിച്ചേരും?"". ''പഞ്ചസാര എവിടെയെന്നത് അറിയാൻ ഉറുമ്പുകൾക്ക് ഇംഗ്ലീഷ് പഠിക്കേണ്ടതില്ല. അതുപോലെ, ഭാരതത്തിലെ എന്റെ ജനങ്ങൾക്ക് അവരുടെ ആത്മീയമായ അറിവ് കാരണം, ഏത് കോണിൽ നടക്കുന്ന സാത്വികപ്രവൃത്തികളും മനസിലാക്കുകയും നിശബ്ദമായി അവരവിടെ എത്തിച്ചേരുകയും ചെയ്യും. അതുകൊണ്ട് തന്റെ വാക്കുകൾ അവർക്ക് മനസിലാകും"". എന്നായിരുന്നു സ്വാമിജിയുടെ മറുപടി. ഇത് സത്യമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. അതുപോലെ, സാത്വികമായ സംഘപ്രവർത്തനത്തിന് സാവധാനത്തിലാണെങ്കിലും പൊതുജനങ്ങളിൽ നിന്ന് അംഗീകാരവും പിന്തുണയും കിട്ടിക്കൊണ്ടിരിക്കുകയാണ്.
അമ്മമാരും സഹോദരിമാരും ബലമേകി
സ്വയംസേവകരുടെ കുടുംബങ്ങൾ തന്നെയാണ് സംഘപ്രവർത്തനത്തിന്റെ കേന്ദ്രങ്ങൾ. അമ്മമാരുടേയും സഹോദരിമാരുടേയും സഹകരണത്തോടെയാണ് സംഘപ്രവർത്തനം അതിന്റെ പൂർണത കൈവരിച്ചത്. ദത്തോപന്ത് ഠേംഗ്ഡി, യശ്വന്ത്‌റാവു കേൽക്കർ ബാലാസാഹബ് ദേശ്പാണ്ഡെ, ഏകനാഥ് റാനഡെ, ദീൻദയാൽ ഉപാധ്യായ, ദാദാസാഹേബ് ആപ്‌ടേ തുടങ്ങിയവർ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹികജീവിതത്തിന്റെ വിവിധ മേഖലകളിൽ സംഘടനകൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഈ സംഘടനകൾ വികസിക്കുകയും ഭാവാത്മകമായ മാറ്റം കൊണ്ടുവരുന്നതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. സഹോദരിമാരുടെ ഇടയിൽ, മൗസിജി കേൽക്കർ, പ്രമീളാതായ് മേഢെ തുടങ്ങിയ മാതൃതുല്യർ രാഷ്ട്ര സേവികാ സമിതിയിലൂടെ വഹിച്ച പങ്കും വളരെ പ്രധാനമാണ്.
നിരോധനകാലത്ത് ജനം ഒപ്പംനിന്നു
ദേശീയതാത്പാര്യമുള്ള നിരവധി വിഷയങ്ങൾ സംഘം ഉന്നയിച്ചിട്ടുണ്ട്. പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവരിൽ നിന്നുൾപ്പെടെ സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് അതിനെല്ലാം പിന്തുണ ലഭിച്ചിട്ടുണ്ട്. വിശാലമായ ഹിന്ദുതാത്പര്യമുള്ള വിഷയങ്ങളിൽ എല്ലാവരുടെയും സഹകരണം ഉറപ്പാക്കാൻ സംഘം പരിശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, രാഷ്ട്രീയകാരണങ്ങളാൽ അന്നത്തെ സർക്കാർ സംഘപ്രവർത്തനം നിരോധിച്ചു. പ്രതികൂല സാഹചര്യങ്ങളിലും സമൂഹത്തിലെ സാധാരണക്കാരോടൊപ്പം പ്രമുഖ വ്യക്തികൾ സംഘത്തോടൊപ്പം നിന്ന് കരുത്തു പകർന്നു. അടിയന്തരാവസ്ഥയുടെ പ്രതിസന്ധി കാലയളവിലും ഇതുതന്നെയായിരുന്നു അനുഭവം. തടസങ്ങൾക്കിടയിലും, സംഘപ്രവർത്തനം തടസമില്ലാതെ മുന്നോട്ടുപോകുന്നത് ഈ പിന്തുണ മൂലമാണ്.
രാഷ്ട്രസേവനത്തിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും ഭാവിയിലും ഉറപ്പാക്കാൻ ശതാബ്ദിയിൽ സ്വയംസേവകർ എല്ലാ വീടുകളിലും സമ്പർക്കത്തിനെത്താൻ പ്രത്യേകം പരിശ്രമിക്കും. രാജ്യമൊട്ടാകെയുള്ള പ്രധാന നഗരങ്ങൾ മുതൽ വിദൂരമായ ഗ്രാമങ്ങളിൽ വരെയുള്ള സകല സ്ഥലങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാൻ ലക്ഷ്യം വച്ചിട്ടുണ്ട്. മുഴുവൻ സജ്ജനശക്തിയുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ രാഷ്ട്രത്തിന്റെ സമഗ്രവികസനത്തിലേക്കുള്ള തുടർയാത്ര സുഗമവും വിജയകരവുമായിരിക്കും.
( ആർ.എസ്.എസ് സർകാര്യവാഹ് ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |