സ്പോൺസർമാരെ തേടി വീടുകൾ കയറിയിറങ്ങുന്നു
മുണ്ടക്കയം : കൊക്കയാർ വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിച്ചത് മൂന്ന് വർഷം മുമ്പ്. അതാകട്ടെ പാതിവഴിയിൽ ഇട്ടുതല്ലി. എന്ന് പുന:രാരംഭിക്കുമെന്ന കാര്യത്തിൽ ആർക്കുമൊരു നിശ്ചയവുമില്ല. ഇതോടെ ഉദ്യോഗസ്ഥർ വില്ലേജിന്റെ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ഫർണിച്ചറുകൾക്കടക്കം വാങ്ങാൻ സ്പോൺസർമാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. എത്രയും പെട്ടെന്ന് പുതിയ കെട്ടിടത്തിൽ കയറിപ്പറ്റാനുള്ള ശ്രമം. പീരുമേട് നിയോജകമണ്ഡലത്തിൽ മഞ്ചുമല, ഉപ്പുതറ, പീരുമേട് തുടങ്ങിയ വില്ലേജ് ഓഫീസുകൾക്കൊപ്പമാണ് കൊക്കയാറിലും കെട്ടിട നിർമ്മാണം ആരംഭിച്ചത്. 44 ലക്ഷം രൂപയും അനുവദിച്ചു. മറ്റു വില്ലേജുകൾ ഇതേ തുകയ്ക്ക് ഇതിനേക്കാൾ ഭംഗിയായി കൂടുതൽ വിസ്താരത്തിൽ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ കൊക്കയാർ വില്ലേജ് ഓഫീസിനായി വീണ്ടും ഫണ്ട് ആവശ്യപ്പെട്ടതാണ് വിവാദത്തിന് വഴിവച്ചത്. ഇനി സർക്കാർ ഫണ്ട് അനുവദിക്കാൻ സാദ്ധ്യത വിരളമാണ്.
വാടകയും വില്ലേജ് ഓഫീസർ കൊടുക്കണം
നിലവിലെ കെട്ടിടം പൊളിച്ചായിരുന്നു പുതിയത് നിർമ്മിച്ചത്. നിലവിൽ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടി വാടകകെട്ടിടത്തിലാണ് വില്ലേജ് പ്രവർത്തനം. വാടക നൽകാൻപോലും അധികൃതർ തയ്യാറാകുന്നില്ല. വില്ലേജ് ഓഫീസറാണ് വാടകയും വൈദ്യുതിബില്ലും അടയ്ക്കുന്നത്. പത്തുലക്ഷം രൂപ കൂടി അനുവദിച്ചാൽ നിർമ്മാണം പൂർത്തിയാക്കാനാകൂ എന്ന് കാണിച്ച് ചില ജനപ്രതിനിധികൾ സർക്കാറിനെ സമീപിച്ചിരുന്നു. ഇതിന് പിന്നിൽ അഴിമതിയാണന്ന ആക്ഷേപം ശക്തമാണ്. വില്ലേജ് ഓഫീസ് സന്ദർശിച്ച സബ് കളക്ടർക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 44 ലക്ഷം രൂപ സർക്കാർ കരാറുകാരനിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു.
ഫണ്ട് അനുവദിച്ചത് : 44 ലക്ഷം
വീണ്ടും ആവശ്യപ്പെട്ടത് : 10 ലക്ഷം
''വില്ലേജ് ഓഫീസ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം. നിർമാണം ഉടൻ പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |