ഇലവുംതിട്ട : ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ വച്ച് രക്ഷിതിന് മന്ത്രി വീണാജോർജ് ആദ്യക്ഷരം കുറിച്ചു, തങ്ങളുടെ മകന്റെ ജീവന് തുണയായ മന്ത്രി എഴുത്തിനിരുത്തിയപ്പോൾ അച്ഛൻ രാജേഷിന്റെയും അമ്മ രേഷ്മയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. മാസം തികയും മുമ്പേ പ്രസവിച്ച രക്ഷിതിന്റെ ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ മന്ത്രിയുടെ സഹായത്താൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ചികിത്സയാണ് ഫലം കണ്ടത്. മന്ത്രിയെക്കൊണ്ട് രക്ഷിതിന് ആദ്യക്ഷരം എഴുതിക്കണമെന്ന ദമ്പതികളുടെ ആഗ്രഹം മൂലൂർ സ്മാരകത്തിൽ വച്ച് സഫലമായി.
തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകനാണ് രക്ഷിത്. സ്വകാര്യ ആശുപത്രിയിൽ ആറാം മാസം പിറന്ന രക്ഷിത് 770 ഗ്രാം തൂക്കവുമായി അത്യാസന്ന നിലയിലായപ്പോൾ മൂന്ന് ദിവസത്തിലധികം ജീവിക്കില്ലെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയിരുന്നു. രണ്ടു മാസം വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ ചികിത്സയ്ക്ക് ഇരുപത് ലക്ഷത്തോളം രൂപ ചെലവായി.
അവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുമാസത്തെ ചികിത്സയ്ക്കിടെ കുട്ടി സാധാരണ ഭാരത്തോടെ മിടുക്കനായി. എസ്.എ.ടി.യിലെ നവജാതശിശു വാരാചരണത്തിൽ പങ്കെടുത്തിരുന്നു. അവിടെ വച്ച് മന്ത്രിയെ കണ്ട് എസ്.എ.ടിയിലെ ചികിത്സയ്ക്കും സേവനങ്ങൾക്കും നന്ദി പറഞ്ഞു. ഇപ്പോൾ രണ്ടര വയസുള്ള രക്ഷിതിന് 10 കിലോഗ്രാം തൂക്കമുണ്ട്. മന്ത്രി അന്ന് രക്ഷിതിനെ കൈയിലെടുത്തപ്പോൾ തങ്ങൾക്ക് സന്തോഷമായെന്ന് രാജേഷും രേഷ്മയും പറഞ്ഞു. മന്ത്രിയെക്കൊണ്ടു തന്നെ കുട്ടിക്ക് വിദ്യാരംഭം കുറിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്നലെ രാവിലെ തന്നെ ഇതിനായി തിരുവനന്തപുരത്ത് നിന്ന് ഇലവുംതിട്ടയിലെത്തി. മന്ത്രി സന്തോഷത്തോടെ വിദ്യാരംഭം കുറിച്ചു. രക്ഷിതിനെ ആദ്യാക്ഷരം എഴുതിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |