പ്രമാടം : മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രമാടം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് സർവീസ് തുടങ്ങി. കോന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിലേക്ക് അനുവദിച്ച ബ്രാന്റഡ് ന്യൂ 9 എം ബസാണ് സർവീസ് നടത്തുന്നത്. കൊവിഡ് അതിവ്യാപനത്തെ തുടർന്ന് മൂന്ന് വർഷം മുമ്പാണ് പ്രമാടം റൂട്ടിലുള്ള എല്ലാ കെ. എസ്.ആർ.ടി.സി ബസുകളും താത്കാലികമായി നിറുത്തിയത്. വിദ്യാർത്ഥികളെയും രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാരെയും ഇത് ദുരിതത്തിലാക്കി. ഇതുസംബന്ധിച്ച് കേരള കൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നാട്ടുകാർ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയ്ക്കും കെ.എസ്.ആർ.ടി.സി കോന്നി, പത്തനംതിട്ട ഡിപ്പോ അധികൃതർക്കും നിവേദനങ്ങൾ നൽകി.
പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്ന് പ്രമാടം റൂട്ടിൽ നേരത്തെ എട്ട് ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇവയെല്ലാം ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കോന്നി മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ ബസിന്റെ ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്..
സർവീസ് ഇങ്ങനെ,
കോന്നിയിൽ നിന്ന് രാവിലെ 7.15 ന് പുറപ്പെടുന്ന ബസ് ആനകുത്തി വഴി മെഡിക്കൽ കോളേജിലെത്തും. 7. 45 ന് അവിടെ നിന്ന് പുറപ്പെട്ട് ആനകുത്തി, കോന്നി, കുമ്പഴ വഴി പത്തനംതിട്ടയിലെത്തും. 8.40 ന് ഇവിടെ നിന്ന് പുറപ്പെട്ട് പ്രമാടം, പൂങ്കാവ്, ളാക്കൂർ , കോന്നി വഴി മെഡിക്കൽ കോളേജിൽ എത്തും.
9.50 ന് ഇതേ റൂട്ടിൽ പത്തനംതിട്ടയിലേക്ക്. 11 ന് ഇതേ റൂട്ടിൽ തിരിച്ച് കോന്നി മെഡിക്കൽ കോളേജിലേക്ക്. 11.50 ന് ഇതേ റൂട്ടിൽ തിരിച്ച് പത്തനംതിട്ടയിലേക്കും 12.40 ന് ഇതേ റൂട്ടിൽ മെഡിക്കൽ കോളേജിലേക്കും ഉച്ചയ്ക്ക് 1.30 ന് പത്തനംതിട്ടയിലേക്കും 2.30 ന് മെഡിക്കൽ കോളേജിലേക്കും പോകും.
3.25 ന് കോന്നിയിലെത്തി 3.50 ന് മെഡിക്കൽ കോളേജിലേക്ക്. വൈകിട്ട് 4.15 ന് ഇവിടെ നിന്ന് പുറപ്പെട്ട് കോന്നി, കുമ്പഴ വഴി പത്തനംതിട്ടയിൽ എത്തും. 5.10 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് കുമ്പഴ, കോന്നി, കൂടൽ , കലഞ്ഞൂർ വഴി പത്തനാപുരത്തേക്ക് പോകും. 6.30 ന് പത്തനാപുരത്ത് നിന്ന് തിരിച്ച് കലഞ്ഞൂർ, കൂടൽ വഴി 7.10 ന് കോന്നിയിൽ എത്തി ട്രിപ്പ് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |