ഗുവാഹത്തി: വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഗംഭീര ജയത്തോടെ തുടക്കം കുറിച്ച് ഇംഗ്ലണ്ട്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 20.4 ഓവറില്‍ വെറും 69 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 14.1 ഓവറുകളില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ജയിച്ച് കയറുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ടാമി ബ്യൂമോണ്ട് 21*(35), വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് 40*(50) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്ത 22(36) ആണ് ടോപ് സ്‌കോറര്‍. സിനാലോ ഒഴികെയുള്ള ഒരു ബാറ്റര്‍ക്കും രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് 5(5), തസ്മിം ബ്രിറ്റ്‌സ് 5(7), സൂന്‍ ലൂസ് 2(11), മറൈസന്‍ കാപ് 4(6), അന്നേക ബോഷ് 6(5), കോള്‍ ടൈറണ്‍ 2(10), നാഡിന്‍ ഡി ക്ലര്‍ക്ക് 3(11), മസാബതാ ക്ലാസ് 3(13), അയബോംഗ ഖാക 6*(12), നോന്‍കുലേകോ ലാബ 3(8) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിന്‍സെ സ്മിത്ത് വിക്കറ്റ് വേട്ടയില്‍ മുന്നിട്ട് നിന്നു. നാറ്റ് സീവര്‍ ബ്രണ്ട്, സോഫി എക്കിള്‍സ്റ്റണ്‍, ഷാര്‍ലെ ഡീന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ലോറന്‍ ബെല്ലിന് ഒരു വിക്കറ്റ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |