തിരുവല്ല : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടും ജില്ലയിൽ ഏക റെയിൽവേ സ്റ്റേഷനുള്ള തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ നടപടിയില്ല. നവംബർ പകുതിയോടെ ആരംഭിക്കുന്ന ശബരിമല തീർത്ഥാടന കാലത്തേക്ക് വരാനായി അന്യസംസ്ഥാനങ്ങളിലെ തീർത്ഥാടകർ ട്രെയിൻ ബുക്കുചെയ്യുന്ന സമയമാണിപ്പോൾ. എന്നാൽ ഓൺലൈൻ മുഖേന ട്രെയിൻ ബുക്കുചെയ്യുമ്പോൾ പ്രധാനപ്പെട്ട കുറെ ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പില്ലെന്നാണ് റെയിൽവേയുടെ സൈറ്റിൽ കാണിക്കുന്നത്. ഇതുകാരണം അന്തർസംസ്ഥാന തീർത്ഥാടകർ പതിവുപോലെ ശബരിമലയുടെ കവാടമായി ചെങ്ങന്നൂർ സ്റ്റേഷനെ ആശ്രയിക്കുകയാണ്. വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയിൻ ഉൾപ്പെടെ നിരവധി ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പില്ലാത്തത് തീർത്ഥാടകരെ കുഴയ്ക്കുന്നു.
കൊവിഡ് കാലത്തിന് മുമ്പ് സ്ഥിരംസ്റ്റോപ്പ് ഉണ്ടായിരുന്ന അമൃത എക്സ്‌പ്രസിന് ഇതുവരെയും സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടില്ല. അതിരാവിലെ തലസ്ഥാനത്ത് എത്തേണ്ടവരും ആർ.സി.സിയിൽ അടക്കം ചികിത്സയ്ക്ക് പോകുന്നവരും മറ്റും ഇവിടെ എത്തിച്ചേരാൻ ആശ്രയിക്കുന്ന ഈ ട്രെയിനുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പില്ലാത്തത് രോഗികൾ ഉൾപ്പെടെയുള്ളവരെയാണ് വലയ്ക്കുന്നത്.
പത്ത് കോടിയിലേറെ രൂപ മുടക്കി തിരുവല്ല റെയിൽവേ സ്റ്റേഷൻ നവീകരണം നടക്കുന്നുണ്ടെങ്കിലും ട്രെയിനുകൾക്കെല്ലാം സ്റ്റോപ്പില്ലാതെ എന്ത് പ്രയോജനമാണെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ശബരിമല കൂടാതെ ട്രെയിനിൽ എത്തുന്ന അന്യസംസ്ഥാന തീർത്ഥാടകർ എടത്വപള്ളി, ചക്കുളത്തുകാവ് ക്ഷേത്രം, പരുമല പള്ളി, മാരാമൺ, ചെറുകോൽപ്പുഴ, മഞ്ഞനിക്കര, കുമ്പനാട് കൺവെൻഷനുകൾ, പി.ആർ.ഡി.എസ് മഹോത്സവം എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാൻ തിരുവല്ല റെയിൽവേ സ്റ്റേഷൻ മുഖേനയാണ് യാത്ര ചെയ്യേണ്ടത്.
നിറുത്തണേ.. ആളു കയറാനുണ്ട്
@ കൊവിഡ് കാലത്തിന് മുമ്പ് സ്ഥിരംസ്റ്റോപ്പ് ഉണ്ടായിരുന്ന അമൃത എക്സ്‌പ്രസിന് ഇതുവരെയും സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടില്ല.
@ അസമിലെ ദിബ്രുഗർ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തുന്ന വിവേക് എക്സ്‌പ്രസിനും തിരുവല്ലയിൽ സ്റ്റോപ്പില്ല.
@ ഒരു ജില്ലയ്ക്ക് ഒരുസ്റ്റോപ്പ് എന്ന രീതിയിൽ കടന്നുപോകുന്ന വേഗതയേറിയ വന്ദേഭാരത് ട്രെയിനും തിരുവല്ല സ്റ്റേഷനിൽ സ്റ്റോപ്പില്ല.
@ ചില സ്‌പെഷ്യൽ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
തീർത്ഥാടക തിരക്കേറും
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം എത്താറായതോടെ തീർത്ഥാടകരുടെ തിരക്കേറും. ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയിൽ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്.
തിരുവല്ല സ്റ്റേഷനോട് റെയിൽവേ തുടരുന്ന നീതിനിഷേധം അവസാനിപ്പിക്കണം. എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
വി.ആർ. രാജേഷ്
( യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി)
10 കോടി ചെലവിൽ സ്റ്റേഷൻ നവീകരണം, പക്ഷേ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |