കോട്ടയം : പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യം വഴി സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് നൽകുന്നത് മാസങ്ങളായി കുടിശികയായതോടെ നിർണായക നീക്കവുമായി സർക്കാർ. കേരള ബാങ്കിനെക്കൂടി അടുത്ത വർഷത്തെ നെല്ല് സംഭരണത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നെൽകർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത് ദോഷമാകുമെന്ന് മനസിലാക്കിയാണ് തീരുമാനം. മന്ത്രി വി.എൻ.വാസവനാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. കേരള ബാങ്കിന് നൽകാനുള്ള 538കോടി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി സമാഹരിച്ച് നൽകുന്നതിന് പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന ഒമ്പത് ശതമാനം പലിശ നൽകും. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പി.ആർ.എസ് അനുസരിച്ച് കർഷകരുടെ അക്കൗണ്ടിൽ പണം ഇടുന്നത് ഇപ്പോൾ എസ്.ബി.ഐ, കാനറാ ബാങ്കുകൾ വഴിയാണ്. പലിശ നിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരസിച്ചതോടെ പണം വിതരണം ചെയ്യു ന്നത് എസ്.ബി.ഐ നിറുത്തിയിരുന്നു. സ്വകാര്യ മില്ലുകളെ പൂർണമായി ഒഴിവാക്കുന്നില്ലെങ്കിലും സർക്കാർ മില്ലുകൾ വഴി നെല്ല് സംഭരിക്കാനും അടുത്ത സീസണിൽ നീക്കമുണ്ട്. കിടങ്ങൂരെ ആധുനിക സഹകരണ മില്ല് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഇതുവഴി സ്വകാര്യമില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |