SignIn
Kerala Kaumudi Online
Sunday, 05 October 2025 1.19 PM IST

ലാലേട്ടനെ കാണാൻ ആരാധകർ ഒഴുകിയെത്തി, ആഘോഷമാക്കി ലാൽസലാം സായാഹ്നം

Increase Font Size Decrease Font Size Print Page
local

തിരുവനന്തപുരം: നെഞ്ചിനകത്ത് ലാലേട്ടൻ എന്ന വിളികൾക്കിടയിലൂടെ ജുബ്ബയുമിട്ട് മോഹൻലാൽ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് നടന്നു കയറിയപ്പോൾ ഹർഷാരവത്തോടെ തടിച്ചുകൂടിയ ജനങ്ങൾ അദ്ദേഹത്തെ വരവേറ്റു. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മലയാളം വാനോളം ലാൽസലാം എന്ന പരിപാടി തലസ്ഥാന സായാഹ്നത്തെ ആഘോഷമാക്കി. ഇടയ്ക്ക് പെയ്ത മഴയിലും ആവേശം ചോരാതെ ജനങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. മോഹൻലാൽ എത്തുംമുൻപേ സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്ന കൂറ്റൻ പന്തലിൽ നിരത്തിയ കസേരകൾ നിറഞ്ഞിരുന്നു. കൈക്കുഞ്ഞ് മുതൽ വൃദ്ധർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മോഹൻലാലിന്റെ പ്രസംഗത്തിന്റെ വരികളിലെല്ലാം ഹ‌ർഷാരവമുയർന്നു. തലസ്ഥാനത്തെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ കാണികളുടെ ആവേശവും ഇരട്ടിയായി.

മോഹൻലാൻ പാടി, ജനം ഏറ്റുപാടി

ഉദ്ഘാടനത്തിനു ശേഷം മോഹൻലാൽ വേദിയിൽ പാടിയ പാട്ടും ജനം ഏറ്റെടുത്തു. പലരും പാട്ട് ഏറ്റുപാടി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മോഹൻലാൽ തന്നെ പാടിയ കൈതപ്പൂവിൽ കന്നിക്കുറുമ്പിൽ എന്ന ഗാനമാണ് വേദിയിൽ ആലപിച്ചത്. പരിപാടിയോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സഹപ്രവർത്തകരുടെ നീണ്ടനിര

ചടങ്ങ് വീക്ഷിക്കാൻ സഹപ്രവർത്തകരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു. നടന്മാരായ ഇന്ദ്രൻസ്,മണിയൻപിള്ള രാജു,സന്തോഷ് കീഴാറ്റൂർ,നടിമാരായ അംബിക,രഞ്ജിനി,സോനാ നായർ,ചിപ്പി,സംവിധായകൻ ജോഷി,നിർമ്മാതാവ് സുരേഷ് കുമാർ,രഞ്ജിത്ത് തുടങ്ങിയവരുമെത്തിയിരുന്നു. മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ രാജാവിന്റെ മകൻ,സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിൽ അഭിമാനമുണ്ടെന്ന് നടി അംബിക ആശംസാ പ്രസംഗത്തിൽ പറഞ്ഞു. മോഹൻലാലിന്റെ നടനചാതുരിക്ക് അർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ ആശാൻ ‘തിരനോട്ടം’ അവതരിപ്പിച്ചു. മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ എം.ജി. ശ്രീകുമാർ,സുജാത,ജ്യോത്സ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറി. തുടർന്ന് ഗാനങ്ങളാലപിച്ച ജ്യോത്സ്ന,സയനോര,ലക്ഷ്മീ ഗോപാലസ്വാമി,സുജാത,എം.ജി. ശ്രീകുമാർ,രാജലക്ഷ്മി,റിമി ടോമി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മന്ത്രി സജി ചെറിയാൻ,ഡോ.ദിവ്യ എസ്.അയ്യർ, കുക്കുപരമേശ്വരൻ എന്നിവരെയും അതേ വേദിയിൽ മോഹൻലാൽ ആദരിച്ചു.

ജഗതി എത്തിയതും ശ്രദ്ധേയമായി

ചടങ്ങിന് നടൻ ജഗതി ശ്രീകുമാർ എത്തിയതും ശ്രദ്ധേയമായി.ആദ്യം മുഖ്യമന്ത്രി പിണായി വിജയൻ വേദിയിൽ നിന്നിറങ്ങി കുശലാന്വേഷണം നടത്തി. തുടർന്ന് മോഹൻലാലുമെത്തി ജഗതിയുമായി സംസാരിച്ചു.

വ്യത്യസ്തത നിറഞ്ഞ സ്നേഹോപഹാരം

സാധാരണയിൽ നിന്ന് വ്യത്യസ്തമായ സ്നേഹോപഹാരമാണ് മോഹൻലാലിന് നൽകിയത്. മോഹൻലാൽ ചിത്രങ്ങളിലെ ചലിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് തയ്യാറാക്കിയ ശില്പമാണ് നൽകിയത്. ഉപഹാരത്തിന്റെ ചെറിയ സ്ക്രീനിൽ മോഹൻലാൽ അഭിനയിച്ച വേഷപ്പകർച്ചകൾ തൊടുമ്പോൾ മിന്നിമറയും. താഴെയായി പഴയ ക്യാമറയും കറങ്ങുന്ന റീലുമാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.