ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്കിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ചോറ്റാനിക്കര ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് അഞ്ചു വയസുകാരിയുടെ ചുറുചുറുക്കോടെ ഓടിനടക്കുകയാണ് 49കാരി മഞ്ജു. കാരണം മുന്നൂറോളം ശിഷ്യഗണങ്ങൾ അണിനിരക്കുന്ന മെഗാതിരുവാതിരയുടെ അണിയത്ത് മഞ്ജുവാണ്. അഞ്ചു വയസ് മുതൽ 80 വയസ് വരെയുള്ളവരുണ്ട് ഈ ശിഷ്യഗണത്തിൽ. കേരളത്തിന്റെ നൃത്തരൂപമായ തിരുവാതിരയെ തറവാട്ട് മുറ്റങ്ങളിൽ നിന്ന് ജനകീയ വേദികളിൽ എത്തിച്ചവരിൽ പ്രധാനിയാണ് മഞ്ജു. നാട്യറാണി മാലതി ജി. മേനോന്റെ ശിഷ്യയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ഷിബിയാണ് ഭർത്താവ്.
51 പേരിൽനിന്ന് തുടങ്ങിയ മെഗാ തിരുവാതിരകൾ സംഘടിപ്പിച്ച് തുടങ്ങിയ മഞ്ജുവിന്, കിഴക്കമ്പലത്ത് കിറ്റക്സിന്റെ 7000 പേരുടെ മെഗാ തിരുവാതിര സംഘടിപ്പിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയതു വരെയുള്ള അനുഭവ സമ്പത്തുണ്ട്. കിറ്റക്സ് ഗാർമെന്റ്സിലെ 5000ത്തോളം വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ജീവനക്കാരെ 45 ദിവസം കൊണ്ട് തിരുവാതിര പഠിപ്പിച്ച് വേദിയിൽ എത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
2013 മുതൽ തിരുവാതിര പഠിപ്പിക്കുന്നുണ്ടെങ്കിലും 2015ലാണ് ആദ്യമായി എരുവേലി ചിന്താ തീയേറ്റേഴ്സ് വാർഷികത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്.
പാരമ്പര്യ തിരുവാതിര പാട്ടുകളിൽ നിന്നും വ്യത്യസ്തമായി നാടിന്റെ സംസ്കാരവും ചരിത്രവും രേഖപ്പെടുത്തുന്ന വരികൾ ഗണപതി. സരസ്വതി. പദം, കുറത്തി, കുമ്മി, വഞ്ചി, മംഗളം എന്നീ പാട്ടുകളുടെ ഈണത്തിൽ ചിട്ടപ്പെടുത്തി 10 പേരടങ്ങുന്ന സംഘത്തെ തിരുവാതിര പഠിപ്പിച്ച് അതിന്റെ വീഡിയോ പകർത്തി റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മകൾക്ക് നൽകി പരിശീലിപ്പിക്കുകയാണ് പതിവ്. അവധി ദിനങ്ങളിൽ നേരിട്ട് എത്തി പോരായ്മകൾ തിരുത്തി പരിശീലിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |