കളമശേരി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൃഷി മന്ത്രാലയത്തിൽ നിന്ന് പണം അനുവദിച്ചെന്ന പേരിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം കളമശേരി നഗരസഭാ കൗൺസിലർ ബിന്ദു മനോഹരന്റെ സമയോചിതമായ ഇടപെടൽ മൂലം നടന്നില്ല.
സംഭവം ഇങ്ങനെ
ഇടപ്പള്ളിയിലെ സെന്റ് ജോസഫ് വിദ്യാഭവനിലേയ്ക്ക് ഒരു ഫോൺകാൾ വരുന്നു. സുപ്പീരിയർ എലിസബത്ത് ഫോൺ എടുക്കുന്നു.
മറുതലയ്ക്കൽ നിന്ന്: ഞാൻ സജി വർഗീസ്, മൂവാറ്റുപുഴ അഗ്രികൾചർ സൊസൈറ്റിയിൽ നിന്നാണ് വിളിക്കുന്നത്. മാനേജരാണ്. 2014 ൽ നിങ്ങൾ അപേക്ഷിച്ചിരുന്ന പദ്ധതിക്ക് അംഗീകാരമായി. രണ്ട് ലക്ഷം രൂപ പാസായിട്ടുണ്ട്. നാല്പതിനായിരം രൂപ അടച്ചു കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപയുടെ ഗ്രോ ബാഗുകൾ ആലപ്പി പാഴ്സൽ സർവീസ് വഴി അയച്ചു തരും. എറണാകുളം ജില്ലയുടെ ചുമതല എനിക്കാണ്. തിരുവനന്തപുരത്താണ് റീജിയണൽ ഓഫീസ്. കോർപറേറ്റ് ഓഫീസ് ദൽഹിയിലും.
സുപ്പീരിയർ: ഞാൻ അപേക്ഷിച്ചിട്ടില്ല. 2014 ൽ അപേക്ഷിച്ച ആളുടെ പേര് എന്താണ് ?
തട്ടിപ്പുകാരൻ: സുപ്പീരിയർ സിസ്റ്റർ എന്നാണ് വച്ചിട്ടുള്ളത്. 2022ന് ശേഷമാണ് പേര് വയ്ക്കണം എന്ന് നിർബന്ധമാക്കിയത്.
സുപ്പീരിയർ ഉടനെ വാർഡ് കൗൺസിലർ ബിന്ദു മനോഹരനെ ബന്ധപ്പെടുന്നു. ബിന്ദു, കൃഷി ഓഫീസറെ വിളിക്കുന്നു. കൃഷിഭവനും കേന്ദ്ര കൃഷി വകുപ്പിനും അത്തരം ഒരു പദ്ധതി ഇല്ലെന്ന് വ്യക്തമാക്കുന്നു. തുടർന്ന് തട്ടിപ്പുകാരനെ വിളിക്കുന്നു. പക്ഷെ ഫോൺ എടുക്കുന്നില്ല.
അതിനുശേഷം സുപ്പീരിയറിന് തുടർച്ചയായി കാൾ വരുന്നു. അക്കൗണ്ട് ഡീറ്റെയിൽസ് വാട്ട്സ് അപ് ചെയ്യാൻ പറഞ്ഞതോടെ പണം അയക്കുന്ന അക്കൗണ്ട് വിവരങ്ങൾ ആദ്യം തരണമെന്നും ശേഷം അഗ്രികൾച്ചർ സൊസൈറ്റിയുടെ തരാമെന്നും മറുപടി.
പിന്നീട് തട്ടിപ്പുകാരന്റെ ഫോണിലേക്ക് കേരളകൗമുദി ലേഖകന്റേത് ഉൾപ്പെടെ പല നമ്പറുകളിൽ നിന്ന് മാറി മാറി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |