ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിലെ മുന്നണി പോരാളി സോനം വാങ്‌ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയത് ചോദ്യംചെയ്‌ത ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. രാജസ്ഥാൻ ജോധ്പൂരിലെ സെൻട്രൽ ജയിലിലിടച്ച നടപടിയെ ഭാര്യ ഗീതാജ്ഞലി ജെ. ആംഗ്‌മോയാണ് ചോദ്യം ചെയ്‌തത്. ഹേബിയസ് കോർപ്പസ് ഹർജിയെ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. തടങ്കലിലാക്കിയതിന്റെ കാരണങ്ങൾ രേഖാമൂലം വാങ്‌ചുക്കിന് കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു. മരുന്ന് നൽകുന്നില്ല, ഭാര്യയെ കാണാൻ അനുവദിക്കുന്നില്ല തുടങ്ങിയവ വ്യാജപ്രചാരണമാണെന്നും കൂട്ടിച്ചേർത്തു. ജയിൽചട്ടപ്രകാരം പോയാൽ തീർച്ചയായും ഭർത്താവിനെ കാണാൻ ഭാര്യയ്‌ക്ക് അനുമതി കിട്ടുമെന്ന് കോടതി പറഞ്ഞു. 14ന് വിശദമായി വാദം കേൾക്കാനും ജസ്റ്റിസുമാരായ അരവിന്ദ് കുമാർ,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. ലഡാക്കിന്റെ തനതായ സ്വത്വവും പാരമ്പര്യവും നിലനിറുത്താൻ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, സംസ്ഥാന പദവി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികൾ ഉന്നയിക്കുന്നത്. സെപ്‌തംബർ 24ലെ പൊലീസ് വെടിവയ്‌പ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. സമരനായകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്‌ചുക്കിനെ സെപ്‌തംബർ 26നാണ് കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |