
കൊല്ലം: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് ഭാര്യയുടെ കൺമുന്നിൽ യുവാവിന് ദാരുണാന്ത്യം. കുന്നത്തൂർ കോവൂർ പിച്ചനാട്ട് കിഴക്കതിൽ രാജൻപിള്ള-പ്രഭാവതി അമ്മ ദമ്പതികളുടെ മകൻ ഗിരീഷ് കുമാറാണ് (38, ഗിരി) ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരിച്ചത്. ഭാര്യ അനിത (37) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10 ഓടെ കൊല്ലം കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം ഇരുമ്പ് പാലത്തിലായിരുന്നു അപകടം. അനിതയുടെ പാസ്‌പോർട്ട് ശരിയാക്കുന്നതിനായി കൊല്ലത്തെത്തി തിരികെ പോവുകയായിരുന്നു. പാസ്‌പോർട്ട് ഓഫീസിൽ നിന്ന് കളക്ടറേറ്റ് ഭാഗത്തേക്ക് പോകുന്നതിനിടെ അതേദിശയിൽ ഇടതുവശത്തുകൂടെ മറികടക്കാൻ ശ്രമിച്ച ലോറി സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം തെറ്റിയ സ്കൂട്ടറിൽ നിന്ന് വീണ ഗിരീഷിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. അനിത എതിർവശത്തേക്ക് വീണതിനാൽ രക്ഷപ്പെട്ടു.
മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ആ വാഹനത്തെ മറികടക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ ലോറി സ്കൂട്ടറിൽ തട്ടിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. അനിതയെ ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. മക്കൾ: ആദിത്യൻ, ആദിത്യ. സഹോദരങ്ങൾ: രതീഷ് കുമാർ, രാജേഷ് കുമാർ.
ലോറി ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി പ്രിൻസിനെ (34) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |