കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണ പുരോഗതി വൈകുന്നു. തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി -മട്ടന്നൂർ എയർപോർട്ട് റോഡ്, കുറ്റ്യാടി -നാദാപുരം -പെരിങ്ങത്തൂർ -മേക്കുന്ന് -പാനൂർ പൂക്കോട്-കൂത്തുപറമ്പ-മട്ടന്നൂർ എയർപോർട്ട്, മാനന്തവാടി-പേരാവൂർ-മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിങ്ങനെ കണ്ണൂർ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന മൂന്ന് നാലുവരിപ്പാത റോഡുകളാണുള്ളത്. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് എട്ട് വർഷം പിന്നിട്ടിട്ടും വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത യാഥാർത്ഥ്യമാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
തലശ്ശേരി - മാഹി ബൈപ്പാസിൽ ബാലത്തിൽ നിന്നും തുടങ്ങി പിണറായി -മമ്പറം -അഞ്ചരക്കണ്ടി എന്നിവയെ ബന്ധിപ്പിച്ച് മട്ടന്നൂർ ടൗണിനു സമീപം വായന്തോടിൽ അവസാനിക്കുന്ന നാലുവരിപ്പാതയ്ക്ക് 21.976 കിലോമീറ്റർ നീളവും 24 മീറ്റർ വീതിയുമാണ് ഉള്ളത്. നിർദ്ദിഷ്ട പാതയ്ക്ക് 39.93 ഹെക്ടർ ഭൂമിയാണ് നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടത്. ഈ പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ജനുവരിയിലാണ് വന്നത്.
കുറ്റ്യാടിയിൽ നിന്നും ആരംഭിച്ച് നാദാപുരം വഴി പെരിങ്ങത്തൂർ -മേക്കുന്ന്-പാനൂർ -പൂക്കോട് -കൂത്തുപറമ്പ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ എയർപോർട്ടിനു സമീപം അവസാനിക്കുന്ന നാലുവരിപ്പാതയ്ക്ക് പെരിങ്ങത്തൂർ മുതൽ എയർപോർട്ട് വരെ 28.55 കിലോമീറ്റർ നീളമാണുള്ളത്. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് 39.863 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ച് സാമൂഹ്യാഘാത പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
മാനന്തവാടി-പേരാവൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് മാനന്തവാടി മുതൽ അമ്പായത്തോട് വരെ 18 കിലോമീറ്റർ നീളത്തിൽ മലയോര ഹൈവേ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെ 40 കി.മീ നീളത്തിലാണ് ഈ എയർപോർട്ട് കണക്ടിവിറ്റി റോഡിന് വേണ്ടി 84.906 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർവ്വെ നടപടികൾ പൂർത്തിയാക്കി കെട്ടിടങ്ങളുടെയും മറ്റും മൂല്യനിർണ്ണയം നിശ്ചയിച്ചതിനു ശേഷം കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാര തുക കൈമാറുകയും പ്രവൃത്തി ടെൻഡറിംഗ് നടപടികളിലേക്ക് കടക്കുകയും ചെയ്യമെന്നാണ് അധികൃതർ പറയുന്നത്.
ആകെ 1979.42 കോടിയുടെ പദ്ധതി
കണ്ണൂർ വിമാനത്താവളം കണക്ടിവിറ്റി പാക്കേജിലെ മൂന്ന് റോഡുകളുടെ വികസനത്തിന് ആകെ 1979.42 കോടിയുടെ ധനാനുമതിയാണ് കിഫ്ബി ബോർഡ് നൽകിയത്. ഇതിനിടയിൽ പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക, വീടുകൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പിക്കുക, ഡി.പി.ആർ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |