ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനേയും ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെയും കൊലപ്പെടുത്തിയ വസ്തു ഇടനിലക്കാരൻ പള്ളിപ്പുറ സ്വദേശി സി.എം. സെബാസ്റ്റ്യനെതിരെ (61) വീണ്ടും നിർണായക വെളിപ്പെടുത്തൽ. ചേർത്തലയിൽ നിന്ന് കാണാതായ റിട്ട.പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മയെയും (ഐഷ–62) സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്നാണ് ഐഷയുടെ അയൽക്കാരിയും കൂട്ടുകാരിയുമായ വീട്ടമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതേ തുടർന്ന് ചേർത്തല പൊലീസിലെ പ്രത്യേക സംഘം ഇവരുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടന്നു.
ഐഷയുടെ തിരോധാനത്തിലും സംശയം നിഴലിലായിരുന്ന സെബാസ്റ്റ്യനെ ഇതോടെ പ്രതി ചേർക്കുമെന്നാണ് വിവരം. 2012 മേയ് 12നാണ് ഐഷയെ കാണാതായത്. അന്നേ ദിവസം വസ്തു വാങ്ങുന്നതിനായി കരുതിയ രണ്ടു ലക്ഷം രൂപ ഇവരുടെ കൈവശമുണ്ടായിരുന്നതായും ഒന്നര പവന്റെ മാല ധരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കാണാതാകുന്നതിന്റെ തലേന്ന് സെബാസ്റ്റ്യൻ ഐഷയുടെ വീട്ടിലെത്തിയിരുന്നതായും തർക്കത്തെ തുടർന്ന് ഐഷയുടെ കരണത്തടിച്ചു. വായിൽ മുറിവുണ്ടായി ചേര വാർന്നതായും ഇതുകണ്ടാണ് കൂട്ടുകാരിയെത്തിയെന്നും മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടപ്പോൾ സെബാസ്റ്റ്യൻ വീട്ടിൽ നിന്നിറങ്ങി പോയി. പിറ്റേന്ന് ഐഷ പണവുമായി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലേക്കാണ് പോയത്. പിന്നീടവർ തിരികെയെത്തിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് സെബാസ്റ്റ്യനെത്തി കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ പുറത്തുപറയരുതെന്ന് ഭീഷണിമുഴക്കിയതായും അവർ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |