കോഴിക്കോട്: ആശുപത്രികളിലെത്തുന്ന രോഗികൾക്ക് രോഗ തീവ്രതയ്ക്കനുസരിച്ച് ചികിത്സ നൽകാൻ സഹായിക്കുന്ന ട്രയാജ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് 2021ൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും നടപ്പായില്ല. ഡോക്ടർമാരുൾപ്പെടെ വേണ്ടത്ര ജീവനക്കാരില്ലെന്നാണ് കാരണമായി പറയുന്നത്. എന്നാൽ ഇത് നടപ്പാക്കാൻ വളരെ കൂടുതൽ ജീവനക്കാർ വേണ്ടെന്നും വലിയ പണച്ചെലവില്ലെന്നും ഡോക്ടർമാർ പറയുന്നു. ഗവ. ആശുപത്രികളിൽ യഥാസമയം മതിയായ ചികിത്സ കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. താമരശ്ശേരി ആശുപത്രിയിൽ ഡോ.പി.ടി.വിപിനെ കഴിഞ്ഞ ദിവസം കോരങ്ങാട് സ്വദേശി സനൂപ് തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടിയത് മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചാണ്. ക്യൂവിൽ നിൽക്കുന്നവരിൽ ചിലപ്പോൾ നെഞ്ചുവേദയുള്ളവരുണ്ടാകാം. ഹൃദ്രോഗ സാദ്ധ്യതയോ അടിയന്തര ചികിത്സ ആവശ്യമുള്ളവരോ ആകാമിവർ. വേദന സഹിച്ച് ക്യൂവിൽ നിർക്കുന്നവരുമുണ്ടാകാം. രോഗവിവരം പറയാൻ പോലും ഇവർക്ക് കാത്തുനിൽക്കേണ്ടിവരുന്നു. ഈ സാഹചര്യമൊഴിവാക്കാനാണ് ട്രയാജ് സംവിധാനം.
ഹൃദ്രോഗികളെ പോലെയുള്ള ഗുരുതര രോഗമുള്ളവർക്കും അടിയന്തര ചികിത്സ വേണ്ടവർക്കും ആദ്യപരിഗണന നൽകാൻ ഇതുകൊണ്ടാകും. പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് മൂന്ന് വിഭാഗമായി (കാറ്റഗറി) രോഗികളെ തിരിക്കുക. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയാണിത്.
ഗുരുതര രോഗമുള്ളവരാണ് ഈ വിഭാഗത്തിൽ പെടുക. ഹൃദ്രോഗം, നെഞ്ചുവേദന, രക്തസ്രാവം തുടങ്ങിയവയുള്ളവരെ ഈ ഗണത്തിൽ ഉൾപ്പെടുത്തും. ചികിത്സയ്ക്ക് ഇവരെ ആദ്യം പരിഗണിക്കും.
അടിയന്തര സ്വഭാവമില്ലാത്ത രോഗികളെയാണ് ഈ ഗണത്തിൽ പെടുത്തുക. കാത്തിരുന്നാലും കുഴപ്പമില്ലാത്തവരാകും ഇവർ. ചുമ, ജലദോഷം പോലുള്ള അപകടകരമല്ലാത്ത രോഗമുള്ളവരെ ഈ വിഭാഗത്തിൽ പെടുത്തും.
അർഹരായ രോഗികളെ ആദ്യം പരിഗണിക്കാൻ ട്രയാജ് സംവിധാനം കൊണ്ട്കഴിയും. ഇത് എല്ലാ ആശുപത്രികളിലും നടപ്പാക്കണം.
-ഡോ സുനിൽ പി.കെ
സംസ്ഥാന പ്രസിഡന്റ്
കെ.ജി.എം.ഒ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |