കൽപ്പറ്റ: വയനാട് ജില്ലയിൽ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ മരങ്ങൾ കൂട്ടത്തോടെ മുറിച്ചു മാറ്റുന്നു. ചെറിയ മരങ്ങൾ ഉൾപ്പെടെ വ്യാപകമായാണ് മുറിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മരം മുറി വ്യാപകമാകുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് മരങ്ങളാണ് ഓരോ ദിവസവും മുറിക്കപ്പെടുന്നത്. വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാണ് മരം മുറിക്കുന്നതിന് നിരത്തുന്നത്. നന്നേ ചെറിയ മരങ്ങൾ ഉൾപ്പെടെ മുറിച്ച് നീക്കുന്നുണ്ട്. കൂടുതലും പാഴ് മരങ്ങളുടെ ഗണത്തിൽപ്പെടുന്ന മരങ്ങളാണ് മുറിച്ചുകടത്തുന്നത്. കാര്യമായ നിയമ പ്രശ്നങ്ങളില്ലാത്തതിനാൽ തന്നെ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെയാണ് തോട്ടങ്ങളിൽ നിന്നും ഉൾപ്പെടെ മരങ്ങൾ മുറിച്ചു നീക്കുന്നത്. ദിവസവും നിരവധിലോഡ് തടികളാണ് കട്ടൻസ് എന്നപേരിൽ ലോറികളിൽ ചുരം ഇറങ്ങുന്നത്. പലയിടങ്ങളിലും മരങ്ങൾ ഒന്നുപോലും അവശേഷിപ്പിക്കാത്ത തരത്തിലാണ് മുറിച്ചുമാറ്റുന്നത്. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള വലിയ പ്രശ്നങ്ങൾ വയനാടിനെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കാഴ്ചകൾ .
പുൽപ്പള്ളി, മുള്ളൻകൊല്ലി ,പനമരം ,പൂതാടി,മേപ്പാടി , മൂപ്പൈനാട് ,വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം വ്യാപകമായി മരങ്ങൾ ഇത്തരത്തിൽ മുറിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പല കർഷകരും മരങ്ങൾ ചെറിയ വിലയ്ക്കാണ് വില്പന നടത്തുന്നത്. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ വയനാട് മരുഭൂമിയായി മാറും എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. മാത്രവുമല്ല മരങ്ങൾ മുറിച്ചു മാറ്റുന്നതോടെ തണൽ നഷ്ടപ്പെട്ട് വയനാടൻ കാപ്പിയുടെ കയറ്റുമതി സാദ്ധ്യതയെപോലും സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |