പാലാ : കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൊട്ടാരമറ്റം സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുള്ള മിന്നൽ പണിമുടക്കിൽ വലഞ്ഞത് ജനം. പണിമുടക്കറിയാതെ ഇന്നലെ രാവിലെ തന്നെ നഗരത്തിലെത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി. പലരും ടാക്‌സി വാഹനങ്ങളെയും മറ്റ് സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പണിമുടക്കിയ ബസ് ജീവനക്കാർ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ പൊലീസുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ സമരത്തിൽ പങ്കെടുക്കാത്ത റോബിൻ ബസ് കടന്നുവന്നതോടെ സമരക്കാർ പ്രകോപിതരായി. പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു. ജീവനക്കാരെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പാലായിലെ സ്വകാര്യ ബസ് ജീവനക്കാർ ഇന്നും സൂചന സമരം നടത്തും. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് തൊഴിലാളികളെ പ്രതിനിധീകരിച്ച് രാജേഷ് നന്ദൻ, ദീപു കെ. ദാസ്, വിപിൻ മാത്യു, ദിലീപ് കുമാർ, ബിഎംഎസ് ജില്ലാ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ.ആർ. രതീഷ്, ബി.എം.എസ് മേഖല ജനറൽ സെക്രട്ടറി ആർ ശിവൻകുട്ടി നിലപ്പന എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് നോക്കിനിൽക്കെ പൊതിരെ തല്ലി
കഴിഞ്ഞ മൂന്നാം തീയതി മുതൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള തർക്കവും സംഘർഷവും ആരംഭിച്ചതാണ്. കോട്ടയം - പാലാ - ഈരാറ്റുപേട്ട റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയ്ക്ക് കൺസഷൻ നൽകിയില്ലെന്നായിരുന്നു ആരോപണം. ഇരൂകൂട്ടരും പരസ്പരം ഏറ്റമുട്ടിയതിൽ കേസെടുത്തെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. മൊഴി കൊടുക്കാൻ ആരും തയ്യാറായില്ല എന്നാണ് പൊലീസ് ഭാഷ്യം. ബുധനാഴ്ച വൈകിട്ടാണ് കൊട്ടാരമറ്റം സ്റ്റാൻഡിൽ ബസ് ജീവനക്കാരന് നേരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. ഇന്നലെ വൈകിട്ടോടെ ഇരുവിഭാഗത്തിന്റെയും പരാതിയിന്മേൽ കേസെടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു.
ഐക്യദാർഢ്യവുമായി രാജീവ് ചന്ദ്രശേഖർ
സംഘടിത ഗുണ്ടാപ്രവർത്തനത്തെ കേരളം അംഗീകരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവം അറിഞ്ഞ് കൊട്ടാരമാറ്റം ബസ് സ്റ്റാൻഡിൽ എത്തിയ അദ്ദേഹം തൊഴിലാളികളുമായി സംസാരിച്ചു. തൊഴിലാളികളുടെ മേലുള്ള ആക്രമണം ഗുരുതരക്രിമിനൽ കുറ്റമാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതുകൊണ്ട് നടപടി മന്ദഗതിയിലാണ് എന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചു.
''കുറ്റക്കാർക്കെതിരെ കേസെടുത്ത് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണം. വിദ്യാർത്ഥിനിയോട് കൺസഷൻ കാർഡ് ആവശ്യപ്പെട്ടതിന്റെ പേരിലാണ് പ്രശ്‌നങ്ങളുണ്ടായത്.
-പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |