കണ്ണൂർ: ഇടവേളയ്ക്ക് ശേഷം ജില്ലയിൽ സ്ഫോടനങ്ങൾ തുടർകഥയാകുന്നു. രണ്ട് മാസത്തിനുള്ളിൽ ജില്ലയിൽ അഞ്ച് സ്ഫോടനങ്ങളാണ് നടന്നത്. ഏറ്റവുമൊടുവിൽ ഇന്നലെ പാട്യം മൗവഞ്ചേരി പീടികയിലും സ്ഫോടനം നടന്നു. പുലർച്ചെ 12.15 ഓടെ നടുറോഡിലായിരുന്നു സ്ഫോടനം. ആർക്കും പരിക്കില്ലെങ്കിലും സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു.
ഉറക്കത്തിൽ കേട്ട കാതടപ്പിക്കുന്ന ശബ്ദത്തിന്റെ ഭീതിയിൽ നിന്നും ഈ നാട്ടുകാർ മോചിതരായിട്ടില്ല. ലക്ഷ്മി കൃപയിൽ പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്ക് കേടുപാടുകളുണ്ടായി. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലും തെറിച്ചാണ് ജനൽചില്ലുകൾ തകർന്നത്. രാഷ്ട്രീയ വിരോധത്തിന് പേരുകേട്ട സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് പൊലീസിന്റെ എഫ്.ഐ.ആർ. ഇന്നലെ ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിധിയ്ക്ക് ശേഷം സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പോര് മുറുകിയിരുന്നു. സ്പോടനത്തിൽ പരസ്പരം പഴിചാരുകയാണ് സി.പി.എമ്മും ബി.ജെ.പിയും. പൊട്ടിത്തെറിച്ചത് പടക്കമാണോ ബോംബാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കതിരൂർ പൊലീസ്.
ചെറുകുന്ന്,ഇരിണാവ്, കീഴറ,കണ്ണവം....
കഴിഞ്ഞ രണ്ടിന് ചെറുകുന്നിൽ ബി.ജെ.പി കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി കെ.ബിജുവിന്റെ വീടിനു നേരെ ബോംബേറുണ്ടായി.സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് ഫ്ളക്സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ബോംബേറ് നടന്നതെന്നാണ് വിവരം. ഇതിന് കുറച്ചുദൂരെയുള്ള ഇരിണാവിൽ സെപ്തംബർ നാലിന് വീടിന് നേരെയും രണ്ട് പേർ ബോംബെറിഞ്ഞ് ഭീതി പരത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണ് ഈ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ആഗസ്റ്റ് 30ന് കണ്ണപുരം കീഴറയിൽ സ്പോടക വസ്തുക്കൾ ശേഖരിച്ച് വച്ച വീട്ടിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇതിലെ മുഖ്യ പ്രതി അനൂപ് മാലിക് ജയിലിലാണ്. മറ്റ് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ജില്ലയിലെ പലയിടങ്ങളിലേക്കും അനധികൃതമായി സ്ഫോടക വനസ്തുക്കൾ എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. കണ്ണവത്ത് സെപ്തംബർ എട്ടിന് എസ്.ഡി.പി.ഐ പ്രവർത്തകന്റെ ഓർമ്മദിനത്തിൽ ആർ.എസ്.എസ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചതുമായി ബന്ധപ്പെട്ടും സ്ഫോടനം നടന്നിരുന്നു.
ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവണതകൾ അനുവദിക്കില്ല. പ്രശ്ന ബാധിത പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണവും നടന്നിട്ടുള്ള സ്ഫോടനങ്ങളിൽ അന്വേഷണവും ശക്തമാണ്.- കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |