തടവുകാരന് അടിയന്തര പരോൾ നൽകി ഹൈക്കോടതി
കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിന് സാക്ഷിയാകാൻ തടവുകാരനായ പിതാവിന് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശിയായ 50കാരനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. മകളുടെ ഭാഗത്തുനിന്ന് ചിന്തിച്ചുകൊണ്ടാണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.
പരോൾ അപേക്ഷ ജയിൽ അധികൃതർ നിരസിച്ചതിനെത്തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. 11, 12 തീയതികളിൽ നടക്കുന്ന എൻറോൾമെന്റ് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രഥമദൃഷ്ട്യാ ഇത് അടിയന്തര പരോൾ അനുവദിക്കാനുള്ള കാരണമല്ലെന്ന് കോടതി വിലയിരുത്തി. എന്നാൽ മകളുടെ വികാരം കൂടി കണക്കിലെടുക്കണം. ഇതിനോട് കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇന്നുമുതൽ 14വരെ പരോൾ അനുവദിച്ചത്.
അഭിഭാഷകയാകണമെന്ന തന്റെ സ്വപ്നസാക്ഷാത്കാരത്തിന് പിതാവ് സാക്ഷിയാകണമെന്ന് ഏതൊരു മകളും ആഗ്രഹിക്കും. സമൂഹ മനസിൽ കുറ്റവാളിയാണെങ്കിലും കുട്ടികൾക്ക് അച്ഛൻ ഹീറോ തന്നെയായിരിക്കും. പെൺകുട്ടി പിതാവിന് മുന്നിൽ വച്ച് എൻറോൾ ചെയ്യട്ടെ. പരോൾ അനുവദിക്കുന്നത് ഹർജിയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണെന്നും കീഴ്‌വഴക്കമായെടുക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലുമാണ് പരോൾ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |