വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 318/2
യശസ്വി ജയ്സ്വാളിന് സെഞ്ച്വറി(173 നോട്ടൗട്ട്)
സായ് സുദർശന് അർദ്ധസെഞ്ച്വറി (87)
ന്യൂഡൽഹി : കണക്കുകൂട്ടലുകളൊന്നും തെറ്റിയില്ല ,വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ ആധിപത്യം. ന്യൂഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളിനിറുത്തുമ്പോൾ 318/2 എന്ന നിലയിലെത്തി. തന്റെ കരിയറിലെ ഏഴാം സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ യശസ്വി ജയ്സ്വാളും (173 *) അർദ്ധസെഞ്ച്വറി നേടിയ ഫസ്റ്റ്ഡൗൺ ബാറ്റർ സായ് സുദർശനുമാണ് (87) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുൽ (38), കരിയറിലെ രണ്ടാമത്തെ അർദ്ധസെഞ്ച്വറി നേടിയ സായ് എന്നിവരാണ് പുറത്തായത്. കളി നിറുത്തുമ്പോൾ ക്യാപ്ടൻ ശുഭ്മാൻ ഗില്ലാണ് (20*) യശസ്വിക്ക് കൂട്ട്.
ഇന്നലെ ആദ്യ പന്തുമുതൽ അവസാന പന്തുവരെ ക്രീസിലുണ്ടായിരുന്ന യശസ്വി 253 പന്തുകൾ നേരിട്ട് 22 ബൗണ്ടറികൾ പായിച്ചാണ് 173ലെത്തിയത്. ആദ്യ സെഷനിലും അവസാന സെഷനിലും ഓരോ വിക്കറ്റുകൾ നേടാനായി എന്നതൊഴിച്ചാൽ വിൻഡീസ് ബൗളർമാർ ഇന്നത്തെ മൊത്തം വെള്ളം കുടിക്കുകയായിരുന്നു.ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇന്നലെ കളിക്കാനിറങ്ങിയത്. രാഹുലും യശസ്വിയും ചേർന്ന് ഓപ്പണിംഗിൽ 58 റൺസാണ് കൂട്ടിച്ചേർത്തത്. 54 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും പറത്തിയ രാഹുൽ 18-ാം ഓവറിൽ ജോമൽ വാരിക്കന്റെ പന്ത് അടിക്കാൻ ചാടിയിറങ്ങിയപ്പോൾ കീപ്പർ ഇമ്ളാച്ച് സ്റ്റംപ് ചെയ്യുകയായിരുന്നു. തുടർന്ന് സായ് ക്രീസിലിറങ്ങി. 94/1 എന്ന നിലയിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്.
ലഞ്ചിന് ശേഷമുള്ള സെഷനിൽ ഇന്ത്യയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. നേരിട്ട 82-ാമത്തെ പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച യശസ്വിക്കൊപ്പം സായ്‌യും കാലുറപ്പിച്ചു. സായ് അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ യശസ്വി സെഞ്ച്വറിയിലെത്തി. 220/1 എന്ന നിലയിലാണ് ചായയ്ക്ക് പിരിഞ്ഞത്.ചായ കഴിഞ്ഞ് അധികം വൈകാതെ സായ് വാരിക്കന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി.ഇതോടെ ഇന്ത്യ 251/2 എന്ന നിലയിലായി. തുടർന്ന് ഗില്ലിനെക്കൂട്ടി യശസ്വി 300 കടത്തി.
രണ്ടാം ദിവസമായ ഇന്ന് യശസ്വി ഇരട്ടസെഞ്ച്വറി നേടുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
193
റൺസാണ് യശസ്വിയും സായ്‌യും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
സ്കോർ കാർഡ്
ഇന്ത്യ ബാറ്റിംഗ് : യശസ്വി ജയ്സ്വാൾ 173 നോട്ടൗട്ട്, കെ.എൽ രാഹുൽ സ്റ്റംപ്ഡ് ഇമ്ളാച്ച് ബി വാരിക്കൻ 38, സായ് സുദർശൻ എൽ.ബി ബി വാരിക്കൻ 87, ശുഭ്മാൻ ഗിൽ നോട്ടൗട്ട് 20, എക്സ്ട്രാസ് : 0, ആകെ 90 ഓവറിൽ 318/2.
ബൗളിംഗ് : ജെയ്ഡൻ സീൽസ് 16-1-59-0,ആൻഡേഴ്സൺ ഫിലിപ്പ് 13-2-44-0,ജസ്റ്റിൻ ഗ്രീവ്സ് 8-1-26-0,ഖ്വാറി പിയറി 20-1-74-0,വാരിക്കൻ 20-3-60-2, ചേസ് 13-0-55-0.
ഗില്ലിന് ടോസ് കിട്ടി
ടെസ്റ്റ് ക്യാപ്ടനായി ശുഭ്മാൻ ഗിൽ ആദ്യമായി ടോസ് നേടുന്നതിന് ഇന്നലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ക്യാപ്ടനായി അരങ്ങേറിയ ഇംഗ്ളണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിലും വിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിലും ഗില്ലിന് ടോസ് നേടാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |