കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ രണ്ടാം ദിനവും നഗരത്തിലും പേരാമ്പ്രയിലും പ്രതിഷേധമിരമ്പി. ആക്രമണം ബോധപൂർവമാണെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മണിയോടെ ഐ.ജി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഐ.ജി ഓഫീസിന് മുന്നില്‍ നൂറുകണക്കിന് പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. രാവിലെ 9.30ന് ഡി.സി.സി ഓഫീസില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ നടക്കാവ് ഐ.ജി ഓഫീസിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധമുദ്രവാക്യമുയര്ത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തുടർന്ന് എം.കെ രാഘവന് എം.പി സമരം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളിനുമിടയാക്കി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചത് മറച്ചുവെക്കാനാണ് പൊലീസ് അക്രമമെന്നും പാമ്പിന് വിഷം പുല്ലിലുരച്ചാല്‍ മാറില്ലെന്നും എം.കെ രാഘവന് എം.പി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കട്ടത് അക്രമം കൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റില്ല. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവരെയെല്ലാം തങ്ങള്‍ നോട്ട് ചെയ്തിട്ടുണ്ട്. ഷാഫി പാര്‍ലമെന്റ് മെമ്പറാണ്. ഒരു എം.പിക്ക് സുരക്ഷ ഒരുക്കേണ്ടവരാണ് പൊലീസുകാര്‍. എന്നാല്‍, പൊലീസുകാര്‍ ഷാഫിയെ ആക്രമിക്കുകയാണ് ചെയ്തതെന്നും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും എം.പി പറഞ്ഞു. തുടർന്ന് ഡി.സി.സി ഓഫീസിലേക്ക് പ്രവർത്തകർ മാർച്ചുമായി നീങ്ങി. സമരത്തെതുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. രണ്ട് മണിക്കൂര്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയത്.
നഗരത്തിൽ വെളളിയാഴ്ച അർദ്ധരാത്രിയിലും യു.ഡി.എഫ് പ്രവർത്തകർ വ്യാപക പ്രതിഷേധം അഴിച്ചുവിട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുൻപിലെത്തിയ പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാനും പൊലീസിനെ അക്രമിക്കാനും ശ്രമിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ടി.ടി ഇസ്മായില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ. ജയന്ത്, അഡ്വ. പി.എം നിയാസ് പങ്കെടുത്തു.
പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല എന്ന് പച്ചക്കള്ളം പറയുകയാണ്. റൂറല്‍ എസ്.പി. കെ.ഇ.ബൈജുവിന് അങ്ങനെ പറയാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി ആണ്. അഴിമതിയും അക്രമവുമായി അടിച്ചമര്‍ത്തുന്ന പിണറായി ഭരണത്തെ താഴെയിറക്കും വരെ സമരം തുടരും.
സിദ്ദിഖ് എം.എല്‍.എ
എല്‍.ഡി.എഫ് കണ്‍വീനറുടെ മാനസപുത്രനാണ് ഷാഫിയെ അക്രമിക്കാന്‍ പൊലീസിന് നേതൃത്വം നല്‍കിയത്. ആ പൊലീസിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അയാളുടെ വീടിനു മുന്നില്‍ സമരം നടത്തും. അന്വേഷണം പ്രഖ്യാപിക്കണം. നടപടി സ്വീകരിക്കുന്നത് വരെ സമരം ചെയ്യും.
അഡ്വ. കെ പ്രവീണ്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ്
പ്രതിഷേധമടങ്ങാതെ പേരാമ്പ്ര
പോരാമ്പ്ര: പേരാമ്പ്രയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യു.ഡി.എഫ് സംഘർഷം. വെെകീട്ട് പേരാമ്പ്ര ബസ് സ്റ്റോപ്പിൽ നടന്ന പ്രതിഷേധ സംഗമത്തിനിടെയാണ് ഒരു കൂട്ടം പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞത്. ഷാഫിയെ തൊട്ടാൽ കളിമാറുമെന്ന് ഭീഷണി മുഴക്കിയാണ് പ്രവർത്തകർ പൊലീസിന് നേരെ പാഞ്ഞടുത്തത്. സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരേയും പ്രവർത്തകർ ആക്രമിച്ചു. റോഡിൽ വൻ സംഘർഷം സൃഷ്ടിച്ച യു.ഡി.എഫ് പ്രവർത്തകർ അതുവഴി പോയ വാഹനങ്ങളും തടഞ്ഞു. ദീർഘ നേരത്തെ ഉന്തും തള്ളിനുമിടയിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
കുറ്റ്യാടി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെ ആക്രമണം സി.പി.എം പൊലീസ് ബാന്ധവത്തിൻ്റെ നേർക്കാർച്ചയാണെന്നും യു.ഡി.എഫ് നേതാക്കളെയും അണികളും ആക്രമിച്ച് ഒതുക്കാമെന്ന വ്യാമോഹം ഭരണത്തിൽ ഇരിക്കുന്നവർ മനസിലാക്കിയാൽ നല്ലതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, മുൻ കെ.പി.സി.സി അംഗം ജോൺ പൂതക്കുഴി സംസാരിച്ചു. ഷാഫി പറമ്പിലിന് നേരെയുള്ള ആക്രമണം കേരള കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ നിയമനടപടികൾക്ക് വിധേയമാക്കണമെന്ന് നേതാക്കളായ ടി.വി. ഗംഗാധരൻ ഒ. ഹരിദാസ്എന്നിവർ പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ടി.ടി ഇസ്മയിൽ, കെ.അബ്ദുൾ റഹ്മാൻ, വി.പി മൊയ്തു, കെ.കെ മനാഫ്, ലത്തീഫ് ചൂണ്ട നേതൃത്വം നൽകി.
കോടഞ്ചേരി: ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ് നേതാക്കളയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു. വിൻസന്റ് വടക്കേമുറിയിൽ അദ്ധ്യക്ഷത വഹിച്ചു.
കായക്കൊടി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് ആരോപിച്ച് കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കരയിൽ, കുറ്റ്യാടി, വയനാട് സംസ്ഥാന പാത ഉപരോധിച്ചു. കാവിലുംപാറ ബോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉപരോധ സമരത്തിൽ സംസാരിച്ചു.
പയ്യോളി: യു.ഡി.എഫ് പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പേരാമ്പ്ര റോഡ് ജംഗ്ഷനിലും ബസ് സ്റ്റാൻ്റിന് മുന്നിലും രണ്ടു തവണ, പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളികളോടെ ഗതാഗത തടസത്തിന് മുതിർന്നെങ്കിലും, മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. ഇരു റോഡുകളിലും അല്പ സമയം ഗതാഗതം തടസപ്പെട്ടു. ടൗൺ പ്രദക്ഷിണത്തിന് ശേഷം പ്രകടനം ബസ് സ്റ്റാൻ്റിൽ സമാപിച്ചു.
ഷാഫി പറമ്പിൽ അക്രമത്തിന് നേതൃത്വം നൽകുന്നു: എൽ.ഡി.എഫ്
കോഴിക്കോട്: രാഷ്ട്രീയ സംഘർഷങ്ങൾ ഒന്നുമില്ലാതിരുന്ന ജില്ലയിൽ ആസൂത്രിതമായ സംഘർഷമുണ്ടാക്കാൻ വടകര എം.പി ഷാഫി പറമ്പിൽ നേതൃത്വം നൽകുകയാണെന്ന് എൽ.ഡി.എഫ് കോഴിക്കോട് ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സമാധാനം നിലനിർത്താൻ ബാധ്യസ്ഥനായ എം.പി നേരിട്ട് അക്രമത്തിന് ഇറങ്ങുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് വടകര എം.പി ഇത്തരം പ്രകോപനങ്ങളുണ്ടാക്കുന്നത്.
പേരാമ്പ്രയിൽ യു.ഡി.എഫ് നടത്തിയ ഹർത്താൽ അനാവശ്യമായിരുന്നു. ഹർത്താലിൽ അവർ പരക്കെ അക്രമം അഴിച്ചുവിട്ടു. പൊലീസ് നിശ്ചയിച്ച സ്ഥലത്ത് മാത്രമാണ് എൽ.ഡി.എഫ് പ്രകടനം നടത്തിയത്. എന്നാൽ യു.ഡി.എഫ് പ്രകടനം ഒന്നര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.ഷാഫി പറമ്പിലിൻറെ നേതൃത്വത്തിൽ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച അവർ വടകര ഡി.വൈ.എസ്.പിയുടെ ഗ്രനേഡ് പിടിച്ചെടുക്കാനും ശ്രമിച്ചു. ഇതിനിടെയാണ് ഗ്രനേഡ് പൊട്ടി ഡി.വൈ.എസ്.പിക്ക് പരിക്കേറ്റത്. തുടർന്നാണ് ഷാഫിക്ക് നിസാര പരിക്കേറ്റത്. എൽ.ഡി.എഫ് ഇതിൽ കക്ഷി അല്ല. യു.ഡി.എഫ് അക്രമത്തിനെതിരെ 14 ന് പേരാമ്പ്രയിൽ എൽ.ഡി.എഫ് പൊതുയോഗം സംഘടിപ്പിക്കുമെന്നും എം. മെഹബൂബ് പറഞ്ഞു.
ജനാധിപത്യബോധവും രാഷ്ട്രീയ നിലവാരവും ഷാഫിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ് പറഞ്ഞു. യു.ഡി.എഫിൻറെ പ്രകടനത്തിൽ എൽ.ഡി.എഫിൻ്റെ കൊടിതോരണങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്നും ഇത് തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.വിശ്വനാഥ് പറഞ്ഞു. മുക്കം മുഹമ്മദ്, കെ.കെ അബ്ദുള്ള, അരങ്ങിൽ ഉമേഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
രാഷ്ട്രീയനാടകം അവസാനിപ്പിക്കണം: സി.പി.ഐ
കോഴിക്കോട്: നിസാരമായ കാരണങ്ങൾ ഉണ്ടാക്കി നാട്ടിൽ കലാപമഴിച്ചുവിട്ട് വടകര എം.പി ഷാഫി പറമ്പിലും കോൺഗ്രസും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് നാടകം അവസാനിപ്പിക്കണമെന്ന് സി.പി.ഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുമാണ് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഇത്തരം സംഘർഷങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. അനാവശ്യമായ ഹർത്താലിന്റെ പേരിൽ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസും അടപ്പിക്കാനാണ് അവർ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെ ഓഫീസിൽ കയറി അക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പൊലീസ് നടപടിയിലല്ല ഷാഫി പറമ്പിലിന് പരിക്കേറ്റതെന്ന് ജില്ലാ പൊലീസ് മേധാവി തന്നെ തെളിവുകൾ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.
ഷാഫി പറമ്പിൽ പ്രാദേശിക നേതാവിന്റെ നിലവാരത്തിൽ നിന്ന് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിലേക്ക് ഉയരണം. ഒരു പ്രാദേശിക വിഷയത്തെ പെരുപ്പിച്ച് നാട്ടിൽ കലാപങ്ങളുണ്ടാക്കി സാധാരണ ജനജീവിതം താറുമാറാക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നിന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം പിൻമാറണം. അക്രമികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.
സംഘർഷങ്ങൾ ബോധപൂർവം: ബി.ജെ.പി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങൾ ബോധപൂർവം ഇടത്, വലത് മുന്നണികൾ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി കെ.കെ രജീഷ് കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഭരണപരാജയം മറച്ചുവയ്ക്കാൻ ഇടത് മുന്നണിയും നേതാക്കൾക്കെതിരെ ഉയർന്ന പീഡന ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ യു.ഡി.എഫും നടത്തിയ ബോധപൂർവമായ ശ്രമമാണ് പേരാമ്പ്രയിൽ കണ്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനം നിലനിർത്തണം: ടി.പി രാമകൃഷ്ണൻ
ഹർത്താൽ ദിവസം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിനെ കൈയ്യേറ്റം ചെയ്ത സംഭവമുണ്ടായി. ഇത് പ്രതിഷേധാർഹമാണ്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിലെത്തി യു.ഡി.എഫ് പ്രവർത്തകർ പ്രസിഡൻറിനെ കയ്യേറ്റം ചെയ്യാനുള്ള പ്രവണതയുണ്ടായത്. ജനപ്രതിനിധികളുടെ ഇടപെടൽ സംഘർഷത്തെ ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പേരാമ്പ്രയിൽ സമാധാനം നിലനിർത്താനാവശ്യമായ നടപടികൾ ഉണ്ടാകണമെന്നും ടി.പി രാമകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.
എൽ.ഡി.എഫിന് ബന്ധമില്ല
സംഘർഷവുമായി എൽ.ഡി.എഫിന് ബന്ധമില്ലെന്നും സംഭവത്തിൽ സി.പി.എമ്മിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും മുൻ എം.എൽ.എ കെ കുഞ്ഞമ്മതും മറ്റ് നേതാക്കളും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സംഘർഷം ലഘൂകരിക്കാനാണ് ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഓഫീസിൽ എത്തി കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോഴും എൽ.ഡി.എഫ് സംയമനം പാലിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൻ്റെ ഭാഗമാണെന്നും എം.പി ക്ക് മർദ്ദനമേറ്റുവെന്നതരത്തിൽ പ്രചരിക്കുന്ന വീഡിയോ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എസ്.കെ സജീഷ്, എം കുഞ്ഞമ്മത്, കെ.പി.എം ബാലകൃഷ്ണൻ, യൂസഫ് കോറോത്ത്, കെ.പി ആലിക്കുട്ടി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |