തിരുവനന്തപുരം: വൈദ്യുതി മേഖലയുടെ നിയന്ത്രണത്തിനും നിരക്ക് നിർണയത്തിനും ജി.എസ്.ടി.കൗൺസിൽ മാതൃകയിൽ ദേശീയ കൗൺസിൽ രൂപീകരിക്കാനുള്ള കേന്ദ്രത്തിന്റെ നടപടികളിൽ കേരളത്തിന് കടുത്ത് എതിർപ്പ്.
ഇതിനുള്ള വൈദ്യുതി നിയമ (ഭേദഗതി) ബില്ലിന്റെ കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമറിയാൻ
ഒക്ടോബർ 9ന് കേന്ദ്രം അയച്ചുകൊടുത്തു.
ജി.എസ്.ടി.കൗൺസിൽ വന്നതോടെ നികുതിക്ക് മേലുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നഷ്ടമായിരുന്നു.സംസ്ഥാനങ്ങളുടെ സാമ്പത്തികവികസന സാധ്യതകളും ഇല്ലാതാക്കി.സമാനമായ രീതിയിൽ കേന്ദ്രഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിച്ച് വൈദ്യുതി മേഖലയുടെ നിയന്ത്രണാധികാരങ്ങൾ കൈമാറുന്നത് തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ ആശങ്ക.
വൈദ്യുതി വിതരണം നടത്താൻ സ്വകാര്യകമ്പനികളെ അനുവദിക്കാമെന്നാണ് മറ്റൊരുനിർദ്ദേശം.നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.
സ്വകാര്യ മേഖലയ്ക്ക് നൽകുന്നതോടെ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകൾ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കേണ്ടിവരും.
ഒരു പ്രദേശത്ത് ഒരേ ശൃംഖലയിൽനിന്നു വൈദ്യുതി വിതരണം നടത്തുവാൻ വിവിധ കമ്പനികൾക്ക് അനുവാദം നൽകുക വഴി സ്വകാര്യ കമ്പനികൾക്ക് റവന്യൂ ശേഷിയുള്ള വൻകിടക്കാരെ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതിനുള്ള ബാധ്യത നിറവേറ്റേണ്ടി വരുന്ന പൊതുമേഖല വലിയ നഷ്ടത്തിലേക്കും തകർച്ചയിലേക്കും നീങ്ങും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ ബാധ്യത സംസ്ഥാനം വഹിക്കേണ്ടിയും വരും.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നൽകി വരുന്ന ക്രോസ് സബ്സിഡി സമ്പ്രദായം നിർത്തലാക്കുന്നതോടെ, ദുർബല വിഭാഗത്തിനും കർഷകർക്കും വൈദ്യുതി അപ്രാപ്യമാകുകയും ചെയ്യും.
``കേരളത്തിന്റെ ശക്തമായ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും. കേരളത്തിലെ വൈദ്യുതി വിതരണ മേഖലയെ പൊതുമേഖലയിൽ നിലനിർത്തുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യും``
-കെ.കൃഷ്ണൻകുട്ടി,
വൈദ്യുതി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |