തിരുവനന്തപുരം:തനിക്കും അനുയായികൾക്കും കോൺഗ്രസിനുമെതിരായ പല ആരോപണങ്ങളും വെളുപ്പിച്ചെടുക്കാനുള്ള ഷാഫിയുടെ ഷോയാണു പേരാമ്പ്രയിൽ കണ്ടതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു.ഈ ഷാഫി ഷോ തുടർന്നാൽ ശക്തമായ നിലയിൽ ഡി.വൈ.എഫ്.ഐ പ്രതിരോധിക്കും.
കേരളത്തിൽ ആദ്യമായാണോ ജനപ്രതിനിധിക്കു പൊലീസിന്റെ അടി കിട്ടുന്നത്? ഇടതുപക്ഷത്തിന്റെ നേതാക്കളെ എത്രയോ ക്രൂരമായി പൊലീസ് നേരിട്ടിട്ടുണ്ട്.
ലീഗിന്റെയും കോൺഗ്രസിന്റെയും ഗുണ്ടാപ്പടയുടെ നേതാവായി ഷാഫി മാറി. ഷാഫി ഫാൻസ് അസോസിയേഷനായാണു കോൺഗ്രസിൽ ഒരു സംഘം പ്രവർത്തിക്കുന്നത്. പേരാമ്പ്രയിൽ എൽ.ഡി.എഫിന്റെ പ്രകടനത്തിലേക്ക് ഇരച്ചു കയറി പ്രശ്നമുണ്ടാക്കാനുള്ള പദ്ധതിയുമായാണു ഷാഫി എത്തിയത്. ഷാഫിയുടെ കെണിയിൽ വീഴാതിരിക്കാൻ എൽ.ഡി.എഫ് ശ്രദ്ധിച്ചപ്പോൾ പൊലീസിനു നേർക്കായി നാടകം. വയനാടിനു വേണ്ടി യൂത്ത് കോൺഗ്രസ് പിരിച്ച കോടികൾ എവിടെയെന്ന ചോദ്യത്തിൽ നിന്നുൾപ്പെടെ ഷാഫിക്കും കൂട്ടർക്കും രക്ഷപ്പെടേണ്ടതുണ്ട്.ഷാഫിയുടെ അനുയായി രാഹുൽ മാങ്കൂട്ടത്തിൽ
പ്രസിഡന്റായിരിക്കേ വയനാട് ദുരിത ബാധിതർക്കായി പിരിച്ച കോടികൾ ഗർഭഛിദ്രം നടത്താനും ബെംഗളൂരുവിൽ യാത്ര പോകാനുമൊക്കെ ഉപയോഗിച്ചെന്നാണു ജനം സംശയിക്കുന്നത്. പേരാമ്പ്രയിലെ പൊലീസ് നടപടിയുടെ പേരിൽ ഡി.വൈ.എഫ്.ഐയുടെ കൊടിയും ബോർഡുമെല്ലാം സംസ്ഥാന വ്യാപകമായി നശിപ്പിച്ചെന്നും സനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |