തിരുവനന്തപുരം: ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന സി.പി.എമ്മിനെതിരെ ശബ്ദമുയർത്തുന്നവരെ തെരുവിൽ നേരിടാനാണ് ശ്രമമെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഏറ്റുമാനൂരിൽ പ്രതിഷേധ മാർച്ച് കഴിഞ്ഞ് മടങ്ങിയ ബി.ജെ.പി പ്രവർത്തകരെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചത് അപലപനീയമാണ്. സ്ത്രീകളെയടക്കമാണ് സി.പി.എം ഗുണ്ടകൾ കൈയേറ്റം ചെയ്തത്. അതിക്രമം എല്ലാ പരിധികളും ലംഘിക്കുകയാണ്.
ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയാൽ ഡി.വൈ.എഫ്.ഐ തടയാൻ ഇറങ്ങുന്നുവെങ്കിൽ മന്ത്രിക്ക് എന്തൊക്കെയോ മറയ്ക്കാൻ ഉണ്ടെന്ന് വ്യക്തം. ശബരിമലയിലെ മോഷണത്തിൽ വാസവൻ ഉൾപ്പെടെ പങ്കാളികളാണ്.
ആദ്യം പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയുടെ നാവിന് വിലക്കേർപ്പെടുത്താൻ നോക്കി. അത് നടക്കില്ലെന്ന് ബോധ്യമായപ്പോഴാണ് സഖാക്കൾ തന്നെ കൈയൂക്ക് കാട്ടുന്നത്.
ക്രമസമാധാനം തകരാതിരിക്കേണ്ടത് ബി.ജെ.പിയുടെ മാത്രം ഉത്തരവാദിത്വമല്ല. ബി.ജെ.പിക്ക് വിരലിലെണ്ണാവുന്ന ആളുകൾ മാത്രം കേരളത്തിലുള്ളപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിക്രമങ്ങളെ ഭയന്നിട്ടില്ല.
കള്ളത്തരങ്ങൾ ഓരോന്നായി പുറത്തുവരുന്നതിന്റെ അങ്കലാപ്പാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്ന സി.പി.എം ധാർഷ്ട്യം എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |