കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പൊലീസിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയ കോടതി ഒന്നാം പ്രതിയുടെ മൊഴി വേദവാക്യമായി കണക്കാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് വിമർശിക്കുകയും ചെയ്‌തു. കൊലപാതകത്തിൽ സി.പി.എം. നേതാക്കൾ ഉൾപ്പെട്ടതാണ് വീഴ്ച സംഭവിക്കാൻ കാരണമെന്ന ഗൗരവമായ പരാമർശവും കോടതിയിൽ നിന്നുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. രാഷ്ട്രീയക്കൊലയെന്ന് എഫ്.ഐ.ആറിൽ വ്യക്തമാണെന്ന് പറഞ്ഞ കോടതി കൊലയ്‌ക്കു ശേഷം പ്രതികൾ പാർട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പൊലീസ് കാര്യമായി എടുത്തില്ലെന്നും കുറ്റപ്പെടുത്തി.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെയോ കല്യാട്ടെ സി.പി.എം നേതാവ് വി.പി.പി. മുസ്‌തഫയെയോ കേസുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച സിബിഐ അന്വേഷണ ഹർജിയിലാണ് മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിശദീകരണം നൽകിയിരുന്നത്. അന്വേഷണ ഏജൻസിക്കു രാഷ്ട്രീയമില്ലെന്നും സി.പി.എമ്മിനോട് ഔദാര്യമൊന്നും കാണിച്ചിട്ടില്ലെന്നും വിശദീകരണത്തിൽ പൊലീസ് പറഞ്ഞിരുന്നെങ്കിലും കോടതി ഇതെല്ലാം തള്ളുകയായിരുന്നു.
2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |