കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. ' ഇതാണ് എന്റെ ജീവിതം' എന്നാണ് പുസ്തകത്തിന്റെ പേര്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. നേരത്തെ 'കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിൽ ഡിസി ബുക്സ് അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു. പുസ്തകത്തിന്റേതായി പുറത്ത് വന്ന ചില ഭാഗങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
എന്നാൽ തന്റെ അനുമതിയില്ലാതെയാണ് ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതെന്നും പുറത്ത് വന്ന ഭാഗങ്ങൾ തന്റേതല്ലെന്നും പറഞ്ഞ് ഇ.പി ജയരാജൻ വിവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു.
പുറത്ത് വന്ന പിഡിഎഫ് പതിപ്പിൽ രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കുമെതിരെയുള്ള രൂക്ഷ വിമർശനങ്ങൾ അടങ്ങിയിരുന്നു. എന്നാൽ, ഇത് വയനാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കെട്ടിച്ചമയ്ക്കുന്ന വിവാദമാണെന്നാണ് ഇപി ജയരാജൻ ആരോപിച്ചത്. പുറത്ത് വന്ന ഉള്ളടക്കം തന്റേതല്ലെന്നും താൻ ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗം മേധാവി എവി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഡിസിബുക്സിനെ രൂക്ഷമായി വിമർശിച്ചു. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കുക, അപമാനിക്കുക തുടങ്ങി ഉദ്ദേശം വ്യക്തമാണെന്ന് കോടതി പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുൻപ് ഉള്ളടക്കം പുറത്ത് വിട്ട നടപടിയെയും കോടതി ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |