ന്യൂഡൽഹി: രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. ഉത്സവ സീസണായതിനാൽത്തന്നെ അന്യസംസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ നാട്ടിലെത്താൻ കൂടുതലായും ട്രെയിനിനെയാണ് ആശ്രയിക്കാറുള്ളത്. ഇപ്പോഴേ പല ട്രെയിനുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ജനറൽ കമ്പാർട്ട്‌മെന്റിലാണെങ്കിൽ കാലുകുത്താൻ കഴിയാത്ത അവസ്ഥയുമായിരിക്കും.
തിരക്ക് നിയന്ത്രിക്കാനായി പ്രധാന സ്റ്റേഷനുകളിൽ ഹോൾഡിംഗ് ഏരിയകൾ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിൻ വരുന്നതുവരെ യാത്രക്കാരെ പ്രത്യേക സ്ഥലത്ത് ഇരുത്തും. ശേഷം യാത്രക്കാരെ ഘട്ടം ഘട്ടമായി പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടും. ട്രെയിനിൽ ചില സാധനങ്ങൾ കൊണ്ടുപോകരുതെന്ന് നിയമമുണ്ട്. അത് പല യാത്രക്കാരും മുഖവിലക്കെടുക്കാറില്ല. സുരക്ഷയെ മുൻനിർത്തി വീണ്ടും ഓർമപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് റെയിൽവേ.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് സാധനങ്ങളാണ് പ്രധാനമായും നിരോധിച്ചിരിക്കുന്നത്. ദീപാവലിയായതിനാൽ പടക്കം പോലുള്ള വസ്തുക്കൾ കൊണ്ടുപോകാൻ സാദ്ധ്യത കൂടുതലാണ്. ഇത് പാടില്ലെന്ന് റെയിൽവേയുടെ മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ മണ്ണെണ്ണ, ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗ, തീപ്പെട്ടികൾ, സിഗരറ്റുകൾ എന്നിവയും ഒരു കാരണവശാലും ട്രെയിനിൽ കൊണ്ടുപോകരുത്. ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്നത് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്നും തീപിടുത്തമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നും റെയിൽവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു. ആരെങ്കിലും നിരോധിത സാധനങ്ങൾ കൈവശംവച്ചാൽ പിഴയോ തടവ് ശിക്ഷയോ കിട്ടിയേക്കും.
സംശയാസ്പദമായ എന്തെങ്കിലും വസ്തുക്കൾ ആരുടെയെങ്കിലും കൈവശം കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആർപിഎഫ്, ജിആർപി (ഗവൺമെന്റ് റെയിൽവേ പൊലീസ്) ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. മോഷണം നടക്കാൻ സാദ്ധ്യതയുണ്ട്. വിലപിടിപ്പുള്ള സാധനങ്ങൾ ഭദ്രമായി സൂക്ഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |