കണ്ണൂർ: തെരുവുനായ നിയന്ത്രണം കാര്യക്ഷമമാക്കാൻ പടിയൂരിലെ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) യൂണിറ്റ് വിപുലീകരിക്കുന്നു.ജില്ലാപഞ്ചായത്തിന്റെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 48 കൂടുകൾ കൂടി അനുവദിച്ചതോടെ പ്രതിദിനം 18 നായകളെ വീതം വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള സൗകര്യം ഇവിടെ ഒരുങ്ങി. നേരത്തെ 48 കൂടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
നേരത്തെ രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും കൂടുകളുടെ കുറവ് മൂലം ഒരു ഓപ്പറേഷൻ യൂണിറ്റ് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഒരുദിവസം ഒമ്പത് നായകളെയാണ് ഇതുവരെ ഇവിടെ വന്ധ്യംകരിച്ചിരുന്നത്. ഓപ്പറേഷന് ശേഷം അഞ്ചുദിവസത്തോളം ഇവയെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നത് കണക്കിലെടുത്താണിത്. 48 കൂടുകൾ കൂടി അനുവദിച്ചതോടെ ഇരിട്ടിയോളം നായകളെ വന്ധ്യംകരിക്കാനുള്ള സൗകര്യമായി.
ഒരു യൂണിറ്റ് കൂടി ഉടൻ
നിലവിലെ യൂണിറ്റിന് പുറമേ ഒരു യൂണിറ്റ് കൂടി സജ്ജീകരിക്കാനുള്ള നടപടിയിലാണ് അധികൃതർ. ഒരു ഡോക്ടർ, ഒരു തിയേറ്റർ അസിസ്റ്റന്റ്, അഞ്ച് നായപിടുത്തക്കാർ, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് യൂണിറ്റിലേക്ക് വേണ്ടത്. ഒരു വാഹനം കൂടി സെന്ററിന് പുതുതായി അനുവദിച്ചിട്ടുണ്ട്. നേരത്തെ നായപിടുത്തക്കാരെ ലഭിക്കാത്ത വലിയ പ്രശ്നമുണ്ടായിരുന്നു. എന്നാൽ നിലവിൽ അഭിമുഖത്തിന് ആളുകൾ എത്തുന്നുണ്ട്.
മൂന്നുവർഷത്തിനിടെ വന്ധ്യംകരിച്ചത് 4878 നായകളെ
പടിയൂരിലെ എ.ബി.സി കേന്ദ്രത്തിൽ ഇതുവരെ 4878 നായകൾക്കാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത് . 2022 ഒക്ടോബർ 15 മുതൽ 2025 ഒക്ടോബർ മൂന്നുവരെയുള്ള കണക്കാണിത്.
പഞ്ചായത്ത് തലത്തിൽ പ്രതിരോധവാക്സിനും
ജില്ലയിൽ തെരുവുനായ ആക്രമണം പ്രതിരോധിക്കാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ തെരുവ് നായകൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഓരോ പഞ്ചായത്തിലും ക്യാമ്പുകൾ നടത്തും. ക്യാമ്പുകളിൽ വാക്സിനും ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കും. വാക്സിൻ സ്വീകരിച്ച നായയെ തിരിച്ചറിയാൻ അടയാളങ്ങളും നൽകും.
ഞെട്ടിക്കുന്ന രോഗനിർണയ കണക്ക്
മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ രോഗനിർണയ ലബോറട്ടറിയിൽ 20 മാസത്തിനിടെ പരിശോധനയ്ക്കെത്തിച്ച 110 നായകളിൽ 66 എണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ പരിശോധനയ്ക്കു കൊണ്ടുവന്ന 53 നായ്ക്കളിൽ 31 എണ്ണത്തിനും പേവിഷബാധ കണ്ടെത്തിയിരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൃഗങ്ങളുടെ പരിശോധനാ കേന്ദ്രമാണ് കണ്ണൂരിലുള്ളത്. ഈ വർഷം മാത്രം 19 തെരുവുനായ്ക്കൾക്ക് പേവിഷബാധ കണ്ടെത്തി. ഡിസംബറിൽ പരിശോധനയ്ക്കു കൊണ്ടുവന്ന 16 നായ്ക്കളിൽ പതിനഞ്ചിനും പേവിഷബാധ കണ്ടെത്തി. ചത്തനിലയിൽ കണ്ടെത്തിയ തെരുവുനായ്ക്കളിൽ 90 ശതമാനത്തിനും പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |