ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിൽ 28 ന് മുമ്പായി കുറ്റപത്രം നൽകാൻ കോട്ടയം ക്രൈംബ്രാഞ്ച്. കേസിലെ പ്രതി സെബാസ്റ്റ്യൻ അറസ്റ്റിലായി 90ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിനായി നടപടികൾ പൂർത്തിയായി. സെബാസ്റ്റ്യൻ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്.
ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനിയായ ജെയ്നമ്മയെ കാണാതായ കേസിലെ അന്വേഷണത്തിലാണ് കോട്ടയം ക്രൈംബ്രാഞ്ച് ഇവർ കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജൂലായ് 28ന് ചേർത്തല പളളിപ്പുറം ചൊങ്ങത്തറവീട്ടിൽ സെബാസ്റ്റ്യനെ അറസ്റ്റുചെയ്തു. ധ്യാനകേന്ദ്രത്തിൽ വെച്ചു പരിചയപ്പെട്ട ജെയ്നമ്മയെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നും ജെയ്നമ്മയുടെ രക്തക്കറയും വാച്ചടക്കമുള്ളവയും കണ്ടെത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺകോളുകൾ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യൻ കുടുങ്ങിയത്.
2024 ഡിസംബർ 21മുതൽ ജെയ്നമ്മയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് 2025 ജനുവരി 2ന് ഏറ്റുമാന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 23ന് ഇവർ കൊല്ലപ്പെട്ടന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. 23ന് ജെയ്നമ്മയുടെ രണ്ടായി പൊട്ടിയ മാല സെബാസ്റ്റ്യൻ സഹായിയായ ഓട്ടോ ഡ്രൈവർ വഴി ചേർത്തല നഗരത്തിലെ സഹകരണസംഘത്തിലും 24ന് സ്വർണവളയടക്കം സ്വകാര്യ പണമിടപാടു സ്ഥാപനത്തിലും പണയം വെച്ചതും കണ്ടെത്തിയിരുന്നു. പിന്നീട് രണ്ടിടത്തു നിന്നും സ്വർണം എടുത്ത് സ്വകാര്യ സ്ഥാപനത്തിൽ വിറ്റു.ആപണം ഉപയോഗിച്ച് ചേർത്തല നഗരത്തിലെ കടയിൽ നിന്ന് ഫ്രിഡ്ജും വാങ്ങിയിരുന്നു.ഇവിടെയെല്ലാം സെബാസ്റ്റ്യനെ എത്തിച്ച് തെളിവെടുത്തിരുന്നു. ഇയാൾക്കെതിരെയുള്ള സമാനമായ കേസുകളും തെളിവായി ഹാജരാക്കിട്ടുണ്ട്. അന്വേഷണത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ കത്തികരിഞ്ഞ എല്ലിന്റെ അവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധനക്കയച്ചിരുന്നെങ്കിലും ഫലം എത്തിയിട്ടില്ല. കത്തികരിഞ്ഞതിനാൽ തിരുവനന്തപുരത്തെ ലാബിൽ ഇതു പരിശോധിക്കാനാകില്ലെന്നാണ് അറിയുന്നത്. ചണ്ഡിഗഡിലെ ലാബിലേക്കയക്കാൻ നടപടികൾ നടക്കുകയാണ്. കേസിന്റെ വിചാരണക്കിടെ ഫലം ഹാജരാക്കാമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി ഗിരീഷ് പി.സാരഥിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സാജൻ സേവ്യറിന്റെയും സി.ഐ.സി.എസ് രാജീവിന്റേയും നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |