ആലപ്പുഴ: കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന നാൽപ്പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ്
റിയാസ് നിർവഹിക്കും. പി.പി ചിത്തരഞ്ജൻ എം .എൽ .എ അദ്ധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാഥിതിയാവും. എച്ച്. സലാം എം .എൽ. എ സ്വാഗതം പറയും.
ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം. 17.82 കോടി രൂപയാണ് നിർമ്മാണച്ചെലവ്. നടപ്പാതയിൽ ടൈൽ പാകൽ, പെയിന്റിങ്, വൈദ്യുതീകരണം തുടങ്ങിയ അവസാനഘട്ട പണികളും പൂർത്തീകരിച്ചിട്ടുണ്ട്. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലം നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്.
നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പാലത്തിലൂടെ സാധിക്കും.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അഞ്ചു മണിമുതൽ വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും.
സിനിമകളുടെ ഇഷ്ടലൊക്കേഷൻ
ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ് പഴയ മുപ്പാലം
കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമ്മിച്ച പാലങ്ങൾ മുപ്പാലമെന്നാണ് അറിയപ്പെട്ടിരുന്നത്
എസ് പി ഓഫീസിന്റെ മുന്നിൽ നിന്നും സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായി മാറിയത്
സൂപ്പർതാരങ്ങൾ അഭിനയിച്ച നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയായിരുന്നു പഴയട മുപ്പാലം
ഈ പാലത്തെയാണ് അഴകും സാങ്കേതികതയും കോർത്തിണക്കി മനോഹരമായ നാൽപ്പാലമാക്കി മാറ്റിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |