കോഴിക്കോട്: ആർ.എസ്.എസ് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളിലേക്ക് ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒളിച്ചു കടത്തുന്നുവെന്ന് മുതിർന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. കേളുവേട്ടൻ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പഠന കോഴ്സ് 'ഹിന്ദുത്വം: ചരിത്രവും പ്രത്യയശാസ്ത്രവും" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന ആർ.എസ്.എസ് ആശയം രാജ്യത്ത് അടിച്ചേൽപ്പിക്കുകയാണ്. പൗരത്വം പോലും അവർ നൽകുന്നതായി മാറുന്നു. അതുപോലെ തന്നെയാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന പുതിയ നീക്കവും. ഇത് ബി.ജെ.പിയെ എന്നും തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ വേണ്ടിയാണ്. രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. 11 വർഷത്തെ മോദി ഭരണത്തിൽ ഒട്ടേറെ വർഗീയ സ്വഭാവമുള്ള നിയമങ്ങൾ പാർലമെന്റും വിവിധ നിയമസഭകളും പാസാക്കി. മതപരിവർത്തന നിരോധന നിയമവും ലൗ ജിഹാദ് വിരുദ്ധ നിയമങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണമാണ്. ഇപ്പോൾ സംഭൽ നഗരത്തിൽ ബുൾഡോസർ ഉപയോഗിച്ച് മുസ്ലിങ്ങളുടെ കടകൾ തകർക്കുകയാണ്. ബി.ജെ.പി ഒരു സാധാരണ ബൂർഷ്വാ പാർട്ടിയല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള ആർ.എസ്.എസ് നയിക്കുന്ന പാർട്ടിയാണെന്നും കാരാട്ട് പറഞ്ഞു. കേളുവേട്ടൻ പഠന- ഗവേഷണ കേന്ദ്രം ഡയറക്ടർ കെടി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജയപ്രകാശ്, പിടി അബ്ദുൾ റസാഖ്, എം. സത്യൻ, യു.ഹേമന്ത്കുമാർ, ഡോ.എസ്. ശ്രീകുമാരി, മിനി പ്രസാദ്, കെകെസി പിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |