കൽപ്പറ്റ: ഉരുൾ ദുരിതബാധിതരു ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. ടൗൺഷിപ്പ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘത്തിൽ 402 കുടുംബങ്ങളെയും രണ്ടാം ഘട്ടത്തിൽ 49 കുടുംബങ്ങളെയുമാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയത്. ദുരന്തം നേരിട്ട് ബാധിക്കാത്തവരുടെ പട്ടികയിലെ ആളുകളുടെ ആവശ്യങ്ങൾ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റിയും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. ദുരന്ത ബാധിത മേഖലയിലെ ഒരു പ്രദേശത്തോടും സർക്കാരിന് പ്രത്യേക വിരോധമില്ല. എല്ലാവരെയും ചേർത്തുപിടിക്കും. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ഒരു ദുരന്തബാധിതനെയും കടത്തിന്റെ പേരിൽ ഒറ്റപ്പെടാൻ അനുവദിക്കില്ല.ഉരുൾ ദുരിതബാധിതർക്കായി കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് ലോകത്തിന് മാതൃകയാവും.ആധുനിക യന്ത്രോപകരണങ്ങൾ ഇവിടേക്ക് എത്തിക്കും. കൂടുതൽ തൊഴിലാളികളെയും നിയോഗിക്കും.പ്രവൃത്തി ദ്രുതഗതിയിൽ നടപ്പാക്കും. എല്ലാംകൊണ്ടും ടൗൺഷിപ്പ് മികച്ച പുനരധിവാസ സെറ്റിൽമെന്റായിരിക്കും.
അഞ്ച് സോണുകളിലും ഒരേപോലെ നിർമാണ പ്രവൃത്തികൾ നടക്കുകയാണ്. കാലവർഷത്തിനും തുലാവർഷ മഴയ്ക്കുമിടയിൽ സാധാരണ ലഭിച്ചിരുന്ന ഇടവേള ലഭിക്കാതെ മഴ പെയ്യുന്നത് പ്രശ്നമാണെങ്കിലും ടൗൺഷിപ്പ് നിർമാണ പൂർത്തീകരണത്തിന്റെ സമയപരിധി ദീർഘിപ്പിക്കില്ല. മഴ കണക്കിലെടുത്ത് നിർമാണ പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം വരുത്തി പ്രതിസന്ധി തരണം ചെയ്യാനാണ് തീരുമാനം.സോൺ ഒന്നിൽ 121 വീടുകളുടെയും രണ്ടിൽ 12, മൂന്നിൽ 28, നാലിൽ 37, അഞ്ചിൽ 99 ഉം വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കോൺക്രീറ്റ് മിക്സ് എത്തിക്കുന്നതിൽ കാലതാമസം ഒഴിവാക്കാനായി ടൗൺഷിപ്പ് നിർമാണ സ്ഥലത്ത് തന്നെ മണിക്കൂറിൽ 18 മീറ്റർ ക്യൂബ് ശേഷിയുള്ള മിക്സിംഗ് പ്ലാന്റ് സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം പ്ലാന്റ് പ്രവർത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |