ശംഖുംമുഖം : വിദേശത്ത് നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ തമിഴ്നാട് സ്വദേശിയെ തിരഞ്ഞ് പൊലീസ്. തിരുനെൽവേലി മേലെപാളയം സ്വദേശിയായ നവാബ് ഹസൈനെ കാണാനില്ലന്ന പിതാവ് ഷാഹുൽ ഹമീദിന്റെ പരാതിയിലാണ് വലിയതുറ പൊലീസിന്റെ അന്വേഷണം. എസ്.ഐ ഇൻസാമിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം തമിഴ്നാട് തിരുനെൽവേലി മേലെപാളയത്തുണ്ട്.
ഈ മാസം എട്ടിനാണ് മകനെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയത്. പൊലീസിന്റെ അന്വേഷണത്തിൽ നവാബ് ഹസൈൻ വിമാനത്താവളത്തിൽ വന്നിറങ്ങിയതായി കണ്ടത്തി. സ്വർണക്കടത്തിന് കാരിയർമാരായി പ്രവർത്തിക്കുന്ന സംഘങ്ങളെ വിമാനത്താവളത്തിൽ നിന്നു തട്ടികൊണ്ടുപോകുന്ന സംഘങ്ങൾ സജീവമായതിനാൽ അവയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നവാബ് ഹസൈൻ വീട്ടുകാരെ അറിയിക്കാതെ പലതവണ തിരുവനന്തപുരത്ത് വന്ന് പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർ ആണോയെന്ന് പൊലീസ് സംശയിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റ പക്കൽനിന്ന് സ്വർണം അടങ്ങിയ ബാഗ് തട്ടിപറിച്ച് മുങ്ങിയ കുളത്തുപുഴ സ്വദേശികളായ നാലംഗ സംഘത്തെ വലിയതുറ പൊലീസ് പിടികൂടിയിരുന്നു. റിമാൻഡിലായിരുന്ന സംഘത്തെ കസ്റ്റഡിൽ വാങ്ങിയ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |