കോതമംഗലം: പൊള്ളുന്ന പനിയെ വകവയ്ക്കാതെ ഡിസ്കസ് പറപറത്തി ജില്ലാ കായികമേളയിൽ മൂന്നാം സ്വർണവും എറിഞ്ഞിട്ട് അബിന മരിയ ജെയിൻ. ഷോട്ട്പുട്ടിലും ഹാമറിലും സ്വർണം നേടി സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ താരം നേരെ കീരമ്പാറയിലെ ആശുപത്രിയിലേക്കാണ് പോയത്. രാത്രിവരെ ഡ്രിപ്പിട്ട് ശേഷം ആശുപത്രി വിട്ടു. ഡോക്ടർ വിശ്രമിക്കാനാണ് നിർദ്ദേശിച്ചതെങ്കിലും ഡിസ്കസിലും ഇറങ്ങണമെന്ന തീരുമാനത്തിൽ അബിന ഉറച്ചുനിന്നു. ഡിസ്കസ് 22.01 മീറ്റർ ദൂരം എറിഞ്ഞിട്ടാണ് മൂന്നാം സ്വർണം നേടിയത്. ഹാമറിൽ 40.30 മീറ്ററും ഷോട്ട്പുട്ടിൽ 9. 29 മീറ്ററും കടന്നാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി സ്വർണനേട്ടം കൈവരിച്ചത്. എം.എ. അക്കാഡമിയിലാണ് പരിശീലനം. ദീർഘദൂര ഓട്ടക്കാരിയായിരുന്ന മാതാവ് ടാനിയയുടെ ആഗ്രഹപ്രകാരമാണ് കായിരംഗത്ത് ഇറങ്ങിയത്. മാതാവിന്റെ ചാറുപാറയിലെ വീട്ടിൽ നിന്നാണ് പഠിക്കുന്നത്. പിതാവ് ജെയിനും ടാനിയയും ദുബായിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |