തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞു. 35 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് 12.30നായിരുന്നു ആന ചരിഞ്ഞത്. 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കൽ അറയ്‌ക്കൽ ഹൗസിൽ എഎസ് രഘുനാഥൻ നടയ്‌ക്കിരുത്തിയ ആനയാണ് ഗോകുൽ. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുൽ വളരെ ക്ഷീണിതനായിരുന്നു.
കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ. ഗജവീരന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ പുഷ്പചക്രം അർപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ, അസിസ്റ്റന്റ് മാനേജർ സുന്ദർരാജ് എന്നിവർ സന്നിഹിതരായിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |