തലശ്ശേരി:പൈതൃക നഗരമായ തലശ്ശേരിയിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ പ്രഥമ തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവാണ് ഇന്നലെ മേളയ്ക്ക് തിരി തെളിച്ചത്. ലിബർട്ടി തിയറ്റർ സമുച്ചയത്തിലെ ലിറ്റിൽ പാരഡൈസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു.
ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ ആഷിക് അബു, നടൻ സൗബിൻ ഷാഹിറിന് കൈമാറി പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ബുള്ളറ്റിൻ
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൻ കെ.മധു ഡബ്ബിംഗ് ആർട്ടിസ്റ്റ് സ്‌നേഹ പലിയേരിക്ക് നൽകി പ്രകാശനം ചെയ്തു. മുതിർന്ന നിർമ്മാതാവ്.ലിബർട്ടി ബഷീറിനെ മന്ത്രി ആദരിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ, വിനോദിനി ബാലകൃഷ്ണൻ, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, സംഘാടകസമിതി കൺവീനർമാരായ എസ്.കെ.അർജുൻ, ജിത്തു കോളയാട് എന്നിവർ സംസാരിച്ചു.
ചടങ്ങിനുശേഷം കാൻ മേളയിൽ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' പ്രദർശിപ്പിച്ചു. ലിബർട്ടി തിയറ്റർ സമുച്ചയത്തിലെ മൂന്ന് തിയറ്ററുകളിലായി ചലച്ചിത്ര പ്രദർശനം രാവിലെ തന്നെ ആരംഭിച്ചു. മൂന്ന് തിയേറ്ററുകളിലും ദിവസം അഞ്ച് പ്രദർശനങ്ങളുണ്ടാകും. 1500 ഓളം ഡെലിഗേറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ഏതൊരു കലാസൃഷ്ടിയും അത് രൂപപ്പെടുന്ന കാലത്തിനോട് എങ്ങനെ സംവദിക്കുന്നു എന്നതാണ് പ്രധാനം. സ്രഷ്ടാവ് അറിയണമെന്നില്ല സൃഷ്ടിയുടെ രാഷ്ട്രീയം.എഴുത്തുകാരൻ അറിയാതെ തന്നെ അതിൽ രാഷ്ട്രീയവും കടന്നുവരും. സിനിമ സമഗ്രതയിൽ കാണുക എന്നതാണ് പ്രധാനം. സിനിമ കാണുന്ന ഓരോരുത്തരും അവരുടെതായ സിനിമയാണ് കാണുന്നത്. തിയേറ്റർ ആണ് സിനിമയുടെ യഥാർത്ഥ അനുഭവം നൽകുന്നത്- വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്
സെൻസർ ബോർഡിനെ ഉപയോഗിച്ച് മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാലത്ത് ചെറുത്തുനിൽപ്പിന്റെ തുടക്കവും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാൻ സാധിക്കില്ലെന്ന പ്രഖ്യാപനവും കൂടിയാണ് ഈ ചലച്ചിത്രമേള-സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ
'അനോറ' മുതൽ 'ഫെമിനിച്ചി ഫാത്തിമ' വരെ
തിരുവനന്തപുരത്ത് നടന്ന 29ാമത് ഐ.എഫ്.എഫ്.കെയിൽനിന്ന് തെരഞ്ഞെടുത്ത 55 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ 14 , ലോകസിനിമാ വിഭാഗത്തിലെ 12 , ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിലെ അഞ്ച് , മലയാള ചിത്രങ്ങൾ 12, ഇന്ത്യൻ സിനിമകൾ 7, കലൈഡോസ്‌കോപ്പ്, ഫിമേയ്ൽ ഗേസ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്, അർമീനിയൻ ഫോക്കസ് എന്നീ വിഭാഗങ്ങളിൽനിന്നുള്ള ഓരോ ചിത്രങ്ങൾ എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
കാൻ ഫെസ്റ്റിവലിൽ പാംദോർ ലഭിച്ച 'അനോറ', കാൻ മേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങളും ലഭിച്ച 'എമിലിയ പെരസ്', വെനീസ് ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ ലഭിച്ച 'ദ റൂം നെക്സ്റ്റ്‌ഡോർ', കാനിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ 'ദ സബ്സ്റ്റൻസ്', വെനീസ് മേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ വാൾട്ടർ സാലസിന്റെ 'ഐ ആം സ്റ്റിൽ ഹിയർ', ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം ലഭിച്ച ബ്രസീലിയൻ ചിത്രമായ 'മാലു', രജതചകോരം ലഭിച്ച 'മി മറിയം ദ ചിൽഡ്രൻ ആന്റ് 26 അദേഴ്സ്', നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച 'ഹൈപ്പർബോറിയൻസ്', പ്രേക്ഷകപുരസ്‌കാരം, നെറ്റ്പാക് പുരസ്‌കാരം, ജൂറി പ്രൈസ് എന്നിവ നേടിയ 'ഫെമിനിച്ചി ഫാത്തിമ', മികച്ച നവാഗത സംവിധായകപ്രതിഭയ്ക്കുള്ള എഫ്.എഫ്.എസ്.ഐ അവാർഡ് ഇന്ദുലക്ഷ്മിക്ക് നേടിക്കൊടുത്ത 'അപ്പുറം' തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |