കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നൽകുന്ന സുഖചികിത്സ വിവാദത്തിൽ. കഴിഞ്ഞ ഒമ്പത് മുതൽ രജീഷ് ചികിത്സയിലാണ്. കടുത്ത നടുവേദനയാണ് രജീഷിനെ ആയുർവേദ ആശുപത്രിയിലേക്ക് മാറ്റാൻ കാരണമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
സെൻട്രൽ ജയിലിൽ ആയുർവേദ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കിടത്തിചികിത്സ നിർദ്ദേശിച്ചത്. തുടർന്ന് ഡി.എം.ഒ അടങ്ങുന്ന മെഡിക്കൽ ബോർഡ് ഇത് അംഗീകരിക്കുകയായിരുന്നു. രോഗം ഭേദമാകുന്നത് വരെ ചികിത്സ തുടരുമെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. അതേസമയം,ജയിൽ ഉപദേശകസമിതി അംഗങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ടി.പി വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതുൾപ്പെടെ നിരന്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് രജീഷിന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് നാല് മുതൽ 15 ദിവസത്തേക്ക് അടുത്ത ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രജീഷിന് പരോൾ അനുവദിച്ചിരുന്നു. തലശ്ശേരി പൊന്ന്യം സ്വദേശിയായ രജീഷ് ആദ്യമായി അറസ്റ്റിലായത് ടി.പി.കേസിലാണ്. കെ.ടി. ജയകൃഷ്ണൻ വധം ഉൾപ്പെടെ മറ്റ് മൂന്ന് കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്തതായി ടി.പി കേസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ആയുർവേദ ചികിത്സ
നേരത്തെയും
2018ൽ ടി.പി.വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രൻ,ടി.കെ. രജീഷ്,കതിരൂർ മനോജ് വധക്കേസ് പ്രതികളായ പ്രഭാകരൻ,ജിജേഷ്,റിജു,തൃശൂർ ഒറ്റപ്പിലാവിൽ ആർ.എസ്.എസ് പ്രവർത്തകനെ വധിച്ച കേസിലെ പ്രതിയായ ബാലാജി എം.പാലിശ്ശേരി എന്നിവർക്ക് ഒരു മാസത്തോളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നു.
ഗുരുതര ആരോഗ്യപ്രശ്നമെന്ന് രജീഷ്
പ്രതികൾക്കുള്ള ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും നൽകിയ അപ്പീലിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് രജീഷ് സൂചിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് മർദ്ദനത്തിൽ രണ്ട് ചെവിക്കും സാരമായ പരുക്കേറ്റുവെന്നും നട്ടെല്ലിൽ ക്ഷതമുണ്ടെന്നുമാണ് രജീഷിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |