കൊച്ചി: ബസിൽ വെള്ളക്കുപ്പി സൂക്ഷിച്ചതിൽ സ്ഥലംമാറ്റിയതിനെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയ്‌മോൻ ജോസഫിന്റെ ഹർജി ഉത്തരവിനായി മാറ്റി. വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയത് ഉചിതമായോയെന്ന് ചോദിച്ച ജസ്റ്റിസ് എൻ. നഗരേഷ് മാറേണ്ടത് ജീവനക്കാരുടെ തൊഴിൽ സംസ്‌കാരമാണെന്ന് അഭിപ്രായപ്പെട്ടു.
മുൻവശത്തെ ചില്ലിന് സമീപം പ്ലാസ്റ്റിക് കുപ്പികൾ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഗതാഗത മന്ത്രി ബസ് തടഞ്ഞതിന് പിന്നാലെയാണ് ഡ്രൈവറെ സ്ഥലംമാറ്റിയത്. നടപടിക്കു കാരണം മന്ത്രിയുടെ ഈഗോയാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.പി. സതീശൻ വാദിച്ചു. എട്ട് മണിക്കൂർ തുടർച്ചയായി ഡ്രൈവ് ചെയ്യുമ്പോൾ എൻജിന്റെ ചൂട് കൂടുതലായി ബാധിക്കുന്നത് ഡ്രൈവറിനാണ്. ഇതിനാലാണ് ഡ്രൈവർ കുടിവെള്ളം മുന്നിൽ സൂക്ഷിച്ചതെന്നും മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റിയതെന്നും അഭിഭാഷകൻ വിശദീകരിച്ചു.
ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന നിർദ്ദേശം നേരത്തെ നൽകിയിട്ടുണ്ടെന്നും സ്ഥലം മാറ്റത്തിൽ മന്ത്രിക്ക് പങ്കില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ ദീപു തങ്കൻ വാദിച്ചു.
അതേസമയം,സ്ഥലം മാറ്റുന്നതിൽ തെറ്റില്ലെന്നും പക്ഷേ,മതിയായ കാരണം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സൂക്ഷിച്ചുവച്ചത് വെള്ളക്കുപ്പിയല്ലേ,മദ്യക്കുപ്പിയല്ലല്ലോ? സ്ഥാപനത്തിലെ തൊഴിൽ സംസ്‌കാരമാണ് മാറേണ്ടത്. അതിനാണ് നടപടി വേണ്ടതെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |