പന്തളം: ശബരിമല , മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്ന് കശ്യപ് വർമ്മയും, മൈഥിലി കെ. വർമ്മയും യാത്രതിരിച്ചു. ഇന്ന് ശബരിമല സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ ശബരിമല മേൽശാന്തിയെ കശ്യപ് വർമ്മയും മാളികപ്പുറം മേൽശാന്തിയെ മൈഥിലി കെ. വർമ്മയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഇന്നലെ രാവിലെ പത്തരയോടെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ വച്ച് കെട്ടുനിറച്ചു. കൊട്ടാരം ഭാരവാഹികൾ, ബന്ധുക്കൾ, അയ്യപ്പഭക്തർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുട്ടികളെ വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഗണപതിക്ക് തേങ്ങയുടച്ച ശേഷം മേൽശാന്തി ശ്രീനിവാസൻ പോറ്റി തീർത്ഥവും, ഭസ്മവും നൽകി അനുഗ്രഹിച്ചു. ക്ഷേത്രത്തിന് വലംവച്ച് മേടക്കല്ല് കടന്ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിന് വലം വച്ച് ശബരിമലയ്ക്ക് യാത്രതിരിച്ചു. കൊട്ടാരം പ്രതിനിധികളും ബന്ധുക്കളും അനുധാവനം ചെയ്തു. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശങ്കർ വർമ്മ, സെക്രട്ടറി എം. ആർ. സുരേഷ് വർമ്മ, ട്രഷറർ ദീപാവർമ്മ, വലിയകോയിക്കൽ ക്ഷേത്രം എ. ഒ. സന്തോഷ് കുമാർ, നഗരസഭ കൗൺസിലർ കെ.ആർ. രവി, വിവിധ അയ്യപ്പ സംഘടനകളുടെ ഭാരവാഹികളായ ജി. പ്യഥിപാൽ,ബിനു നരേന്ദ്രൻ, പി. ജി. വേണുഗോപാൽ, ഉണ്ണികുളത്തിനാൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |