പത്തനംതിട്ട : നിയമം കർശനമായി തുടരുമ്പോഴും പോക്സോ കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. പ്രായവ്യതാസമില്ലാതെ കുഞ്ഞുമക്കൾ പീഡനത്തിന് ഇരയാകുകയാണ്. അതിൽ ആൺ, പെൺ വ്യത്യാസവുമില്ല. സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് പ്രണയത്തിലേക്കും മറ്റ് ബന്ധങ്ങളിലേക്കും കുട്ടികളെ വഴിമാറ്റുന്നവർ നിരവധിയാണ്. ഇതിന് തടയിടാൻ ശ്രമിക്കുന്നവരെല്ലാം അവരുടെ ശത്രുക്കളായി മാറും.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്ക് പരിശോധിച്ചാൽ മാത്രം 869 കേസുകൾ ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് വരെ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3213 കേസുകളാണ്. ഇതിൽ മിക്കതിലും അടുത്ത ബന്ധുക്കളാണ് പ്രതികൾ. അതുകൊണ്ട് കേസിൽ പലപ്പോഴും മാറ്റങ്ങൾ സംഭവിക്കും. കുട്ടിയുടെ മാനസിക നില അവതാളത്തിലാകുകയും ചെയ്യും. കൃത്യമായ മാനസിക പരിരക്ഷണം ലഭിച്ചില്ലെങ്കിൽ വലിയ വിപത്തുകളിലേക്ക് അവരുടെ ഭാവി നീളും. പലപ്പോഴും രക്ഷിതാക്കൾ കാര്യം അറിയാൻ വൈകുന്നത് കേസിന്റെ ഗതിയെത്തന്നെ മാറ്റാറുണ്ട്. അപമാനം ഭയന്ന് റിപ്പോർട്ട് ചെയ്യാത്തവരും അനവധിയാണ്.പോക്‌സോ കേസ് പ്രതികൾക്ക് ഇപ്പോൾ കോടതികൾ അൻപതും നൂറും വർഷം തടവ് ശിക്ഷയും വലിയ തുക പിഴയായും വിധിക്കാറുണ്ട്. വലിയ ശിക്ഷാവിധികൾ കുറ്റകൃത്യങ്ങൾ കുറച്ചേക്കാം.
ജില്ലയിലെ
കേസുകൾ
2025 : 190 (ആഗസ്റ്റ് വരെ)
2024 : 178
2023 : 177
2022 : 190
2021 : 134
അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിൽ കാണുന്ന പൊതുവായ ലക്ഷണങ്ങൾ
# ചില സന്ദർഭങ്ങളിൽ പെട്ടെന്ന് പ്രകോപിതരാകുക, സ്വയം ഹാനി വരുത്തുക, ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ ശ്രമിക്കുകയോ ചെയ്യാനുള്ള സാദ്ധ്യതകളുണ്ട്.
#വീട്ടിലേക്ക്, സ്‌കൂളിലേക്ക് പോകാൻ മടി, ഭയം കാണിക്കുക.
#കാലാവസ്ഥയ്ക്കനുസൃതമല്ലാതെ ഒന്നിനു പുറത്ത് മറ്റൊന്നായി കൂടുതൽ വസ്ത്രങ്ങൾ ധരിക്കുക.
# ഉറക്കമില്ലായ്മ, അടിക്കടി പേടിസ്വപ്‌നങ്ങൾ കാണുക, ഇരുട്ടിനെ ഭയക്കുക.
#കിടന്ന് മൂത്രമൊഴിക്കുക, കൂടുതലായി കരയുക.
#കൂട്ടുകാരുമായി സൗഹൃദമില്ലായ്മ.
#ആഹാരം കഴിക്കാൻ വിമുഖത.
#പഠനനിലവവാരം കുറയുക.
#സ്വന്തം ലൈംഗികാവയവങ്ങളെപ്പോലും വെറുക്കുകയോ, സാധാരണയിൽ കവിഞ്ഞ സ്വകാര്യത ആവശ്യപ്പെടുകയോ ചെയ്യുക.
#സ്വന്തം ലിംഗവർഗത്തിൽപ്പെടുന്നവരെ വെറുക്കുക.
#അശ്ലീലവും അനുചിതവുമായ വാക്കുകൾ സംസാരത്തിലുടനീളം ഉണ്ടാക്കുക.
#മറ്റുള്ള കുട്ടികളുമായിച്ചേർന്ന് ലൈംഗികകാര്യങ്ങൾ അനുകരിക്കുക.
#ലൈംഗികാസ്‌കതിയോടെ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുക.
#നടക്കുന്നതിനോ ഇരിക്കുന്നതിനോ ബുദ്ധിമുട്ടുകൾ കാണിക്കുക.
#ജനനേന്ദ്രിയങ്ങളിൽ വേദനയോ ചൊറിച്ചിലോ ഉണ്ടാകുക.
#അസ്വാഭാവികമായി ശരീരവേദനയോ മുറിവുകളോ ക്ഷതങ്ങളോ ഉണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |