പ്രമാടം : പ്രമാടം , വള്ളിക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി - ചള്ളംവലിപ്പടി റോഡ് നിർമ്മാണം പൂർത്തിയായി. 23 ന് രാവിലെ 11 ന് പൂങ്കാവ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് റോഡ് നാടിന് സമർപ്പിക്കും. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രമാടം ഗ്രാമപഞ്ചായത്തിലെ ഇരപ്പുകുഴിയിൽ നിന്ന് തുടങ്ങുന്ന റോഡ് മറൂർ ആൽ ജംഗ്ഷനിൽ എത്തി പൂങ്കാവ്- പത്തനംതിട്ട റോഡിലൂടെ പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ വഴി വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ചള്ളംവലിപ്പടി ജംഗ്ഷനിലാണ് അവസാനിക്കുന്നത്. നാലര കിലോമീറ്റർ ദൂരമുള്ള റോഡ് ഏഴ് കോടി രൂപ ചെലവിലാണ് വികസിപ്പിച്ചത്. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിലാണ് ടാറിംഗ്. ആവശ്യമായ സ്ഥലങ്ങളിൽ റോഡ് ഉയർത്തുകയും ഓടകളും കലുങ്കുകളും നിർമ്മിച്ചിട്ടുമുണ്ട്. നിലവിൽ മൂന്നര മീറ്ററായിരുന്ന റോഡിന്റെ വീതി അഞ്ചര മീറ്ററായി വർദ്ധിപ്പിച്ചാണ് ടാറിംഗ് നടത്തിയത്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വികസനത്തിന് തുക അനുവദിച്ചത്. പഞ്ചായത്ത് റോഡ് ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ചായിരുന്നു വികസന പ്രവർത്തനങ്ങൾ.
പൂങ്കാവിൽ നിന്ന് അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി ഈ റോഡ് മാറും. വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന രീതിയിലാണ് റോഡ് പുനർനിർമ്മിച്ചത്. അച്ചൻകോവിലാറ് കരകവിയുമ്പോൾ മറൂർ പനയ്ക്കക്കുഴി ഭാഗത്ത് റോഡിൽ വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം മുടങ്ങാറുണ്ടായിരുന്നു. ഇവിടെ അണ്ടർഗ്രൗണ്ട് പാസേജ് നിർമ്മിച്ച് റോഡ് ഉയർത്തിയോടെ റോഡിലേക്ക് ഇനി ആറ്റുവെള്ളം കയറില്ലെന്നാണ് പ്രതീക്ഷ.
എളുപ്പവഴിയാകും
റോഡ് തുറന്നുനൽകുന്നതോടെ വള്ളിക്കോടുകാർക്ക് അഴൂർ, കൊടുന്തറ വഴി ചുറ്റിക്കറങ്ങാതെ പ്രമാടം പാറക്കടവ് പാലം വഴി വേഗത്തിൽ പത്തനംതിട്ടയിൽ എത്തിച്ചേരാൻ കഴിയും. പത്തനംതിട്ടയിൽ നിന്ന് ചന്ദനപ്പള്ളി, കൊടുമൺ, അടൂർ ഭാഗത്തേക്കും ഇത് എളുപ്പവഴിയായി ഉപയോഗിക്കാം. പ്രമാടം പഞ്ചായത്തിൽ നിന്നും പത്തനംതിട്ട നഗരത്തിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. പത്തനംതിട്ടയിൽ നിന്നും മറൂർ ആൽ ജംഗ്ഷനിൽ നിന്നും പൂങ്കാവിൽ പോകാതെ വാഴമുട്ടം വഴി വള്ളിക്കോട് -ചന്ദനപ്പള്ളി ഭാഗത്തേക്കും ഇരപ്പുകുഴി വഴി സംസ്ഥാന പാതയിലെ മല്ലശേരിമുക്കിലേക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയും
ചെലവ് - 7 കോടി
ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിൽ നിർമ്മാണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |