കൊടുങ്ങല്ലൂർ: ബൈപാസിലെ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ടാരംഭിച്ച രണ്ടാംഘട്ട സമരം വരുന്ന 23ന് വൈകിട്ട് അഞ്ചിന് 700 ദിവസം പിന്നിടുമ്പോൾ "അധികാരികളെ ഓർക്കുക 700 സഹന ദിനങ്ങൾ" എന്ന പരിപാടിയുമായി എലിവേറ്റഡ് ഹൈവേ കർമ്മ സമിതി.
കൊടുങ്ങല്ലൂർ നഗരത്തിന് പടിഞ്ഞാറ് ആയിരക്കണക്കിന് വരുന്ന ജനങ്ങൾക്ക് നഗരത്തിലെത്താൻ 200 മീറ്റർ മാത്രം സഞ്ചരിക്കേണ്ടിയിരുന്നത് സി.ഐ ഓഫീസ് സിഗ്‌നൽ അടച്ചുകെട്ടിയാൽ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നാണ് ആശങ്ക. കൂടാതെ മൂന്ന് കിലോമീറ്ററോളം വളഞ്ഞു വരേണ്ടി വന്നേക്കും. ഇതുമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ ദുരിതത്തിലാകും.
താലൂക്ക് ആശുപത്രി, സിവിൽ സ്റ്റേഷൻ, വില്ലേജ് ഓഫീസ്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് പോകേണ്ടവർ മൂന്ന് കിലോമീറ്റർ ദൂരം ചുറ്റി സഞ്ചരിക്കേണ്ടിവരുമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 14 വർഷങ്ങൾക്ക് മുമ്പ് ബൈപാസ് തുറന്നതോടെ അപകടങ്ങളും മരണങ്ങളും ഇവിടെ പതിവായി.
ജനകീയ സമരങ്ങൾക്കൊടുവിൽ അന്നത്തെ കളക്ടർ ഇവിടെ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുമെന്ന് സമരസമിതിക്ക് ഉറപ്പുനൽകി. ഇതോടെ ആദ്യഘട്ട സമരം അവസാനിച്ചു. എന്നാൽ ദേശീയപാത വികസനം വന്നുവെങ്കിലും എലിവേറ്റഡ് ഹൈവേ എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ബൈപാസ് ക്രോസ് ചെയ്യാൻ ഒരു അടിപ്പാതയെങ്കിലും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി വരെയുള്ളവരെ സമരസമിതി നേരിൽക്കണ്ട് നിവേദനം നൽകി. എങ്കിലും ഫലമുണ്ടായിട്ടില്ല. ഇതേത്തുടർന്നാണ് രണ്ടാം ഘട്ട സമരം ആരംഭിച്ചത്. മനുഷ്യച്ചങ്ങല, ചക്രസ്തംഭനം, പ്രതിഷേധക്കൂട്ടായ്മ, സമരപ്പന്തലിൽ കഞ്ഞിവയ്പ്പ്, കൊടുങ്ങല്ലൂരമ്മയ്ക്ക് നാളീകേരം ഉടയ്ക്കൽ, പിക്കറ്റിംഗ്, വഴി തടയൽ, ധർണ്ണകൾ, ഉപവാസം അങ്ങനെ പല സമരമാർഗ്ഗങ്ങളിലൂടെ അടിപ്പാതയ്ക്കായി സമരം നടത്തിയെങ്കിലും ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |