• ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ ഉദ്യോഗസ്ഥർക്ക് സങ്കടം, ദേഷ്യം, പ്രതികാരം
കൊച്ചി: ജയിൽ വളപ്പിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച ഡി.ജി.പിയുടെ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ കടുത്ത അസംതൃപ്തി. തടവുപുള്ളികൾക്കുള്ള മനുഷ്യാവാകാശം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ ആവലാതി.
ജില്ലാ ജയിൽ, സ്പെഷ്യൽ സബ് ജയിൽ, വനിതാ ജയിൽ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പുതിയ പെരുമാറ്റച്ചട്ടം ബാധകമാക്കിയത്. ദൂരെ സ്ഥലത്തുനിന്ന് വന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ഏറെ കഷ്ടപ്പാട്. കൊച്ചുകുട്ടികളും പ്രായമായ മാതാപിതാക്കളുമൊക്കെ വീട്ടിലുള്ളവരുമാണ് പുതിയ ഉത്തരവിൽ ഏറെ ബുദ്ധിമുട്ടുന്നത്. ജില്ല, സബ് ജയിലുകളിൽ തുടർച്ചയായി 24 മണിക്കൂറാണ് ഡ്യൂട്ടി. മതിയായ വിശ്രമം പോലുമില്ലാതെ ജോലി ചെയ്യുന്നതിനിടിയൽ വീടുമായുള്ള ബന്ധം കൂടി നിഷേധിച്ചതോടെ ജീവനക്കാർ മാനസിക സംഘർഷത്തിലുമാണ്.
മാസം 800രൂപ നൽകിയാൽ തടവ് പുള്ളികൾക്ക് ജയിലിലെ ലാൻഡ് ഫോൺ ഉപയോഗിക്കാം. എന്നാൽ ജീവനക്കാർക്ക് ഈ സൗകര്യവും ലഭ്യമല്ല. മുൻപ് ഫോൺ കൊണ്ടുവന്ന് ജയിൽ ഓഫീസുകളിൽ സൂക്ഷിക്കുകയും അത്യാവശ്യമുള്ളപ്പോൾ പരിമിതമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. കഴിഞ്ഞമാസം 27ന് ഇറക്കിയ സർക്കുലർ പ്രകാരം ഇത് പൂർണമായും തടഞ്ഞു. സൂപ്രണ്ടിന് ആൻഡ്രോയിഡ് മൊബൈൽ ഫോണും സൂപ്രണ്ട് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്, ഓഫീസ് ആവശ്യത്തിനുള്ള ഒ.ടി.പി പാസ് വേർഡ് ഉപയോഗത്തിന് ക്യാമറ ഇല്ലാത്ത ബേസിക് ഫീച്ചർ ഫോണും ഉപയോഗിക്കാം.
• വഴിയൊരുക്കിയത് ദുരുപയോഗം
ഉദ്യോഗസ്ഥർ ജയിലിനുള്ളിലെ സംഭവങ്ങൾ മൊബൈൽ ഫോണിൽ ചിത്രികരിച്ച് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിൽ സ്റ്റാറ്റസായി ഉപയോഗിക്കുന്നു, തടവുകാരുടെ ബന്ധുക്കളുമായി സമ്പർക്കം പുലർത്തി പണം സമ്പാദിക്കുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൊബൈൽ ഉപയോഗം കർശനമായി നിരോധിച്ചത്.
മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളും മാനസിക പീഡനങ്ങളും വാർഡൻമാർ മൊബൈൽ ഫോണിൽ പകർത്തിയതിനുള്ള പകപോക്കലാണ് പുതിയ നടപടിയെന്നാണ് ജീവനക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |