കെ.പി.സി.സി പുനസംഘടനയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അരഡസൻ ജനറൽ സെക്രട്ടറിമാർ കോട്ടയത്ത് നിന്നുണ്ടായെങ്കിലും പിന്നാക്കവിഭാഗത്തെ പൂർണമായും അവഗണിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ. ഹൈന്ദവവിഭാഗത്തിൽ നിന്നും, ജില്ലയിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിൽ നിന്നും പേരിന് പോലും ഒരാളില്ല. മുതിർന്ന നേതാക്കളുടെ അടുത്ത അനുയായികളാണ് ലിസ്റ്റിൽ കയറിയത്. അർഹതയുണ്ടായിട്ടും പിന്നാക്കവിഭാഗത്തിൽപ്പെട്ട ചങ്ങനാശേരിയിൽ നിന്നുള്ള പി.എസ്.രഘുറാം തഴയപ്പെട്ടു. ഉമ്മൻചാണ്ടിയുടെ ബന്ധു കൂടിയായ മുതിർന്ന നേതാവ് കുഞ്ഞ് ഇല്ലംപള്ളിയും, വനിതാ നേതാവ് സുധാകുര്യനും വെട്ടിനിരത്തിയവരിൽപ്പെടുന്നു.
എ ഗ്രൂപ്പിന്റെ അപ്പോസ്തലനായിരുന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഉമ്മൻചാണ്ടിയുടെ കാലശേഷം മറ്റു നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത പലരെയും മൈൻഡ് ചെയ്യാത്ത ഒറ്റയാനായാണ് മുതിർന്ന നേതാക്കൾ കാണുന്നത്. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ അനുഗ്രഹം തേടി പുതുപ്പള്ളി പള്ളിയിലേക്ക് നേതാക്കളുടെ ഒഴുക്കാണെങ്കിലും പുന:സംഘടനയിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ പരിഗണിക്കപ്പെടാതെ പോയ വിരലിൽ എണ്ണാവുന്ന എം.എൽ.എമാരിൽ ഒരാളാണ് ചാണ്ടി ഉമ്മൻ. ആറന്മുളയിൽ നിന്നുള്ള ശിവദാസൻ നായരുടെയും മറ്റു രണ്ടു യുവാക്കളുടെയും അടക്കം മൂന്നുപേരുകൾ ശുപാശ ചെയ്തെങ്കിലും ആരെയും പരിഗണിക്കാത്തതിൽ ക്ഷുഭിതനായ ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സ്ഥാനത്തു നിന്ന് ചാണ്ടി ഉമ്മനെ മാറ്റിയത് ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിലായിരുന്നു. തന്നെ അപമാനിച്ചു പുറത്താക്കിയെന്ന് ചാണ്ടി രോഷത്തോടെ പറഞ്ഞത് കെ.പി.സി.സി പുന:സംഘടനയിൽ തഴയപ്പെട്ട ശേഷമായിരുന്നു. പലതും പിന്നീട് തുറന്നു പറയുമെന്ന മുന്നറിയിപ്പും നടത്തിയിട്ടുണ്ട്.
ഇതിനിടെ തങ്ങളുടെ മകനാണ് ചാണ്ടി ഉമ്മനെന്നും, സംരക്ഷിക്കുമെന്നും ഓർമ്മിപ്പിച്ച് ഓർത്തഡോക്സ് സഭയും രംഗത്തെത്തി. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല തങ്ങളെന്നും എതിർ സ്വരം കേൾപ്പിക്കാൻ ചെണ്ടയ്‌ക്ക് കഴിയുമെന്നും മുന്നറിയിപ്പ് നൽകിയതോടെ കാൽച്ചുവട്ടിലെ മണ്ണ് ചോരുമെന്നു മനസിലാക്കി ചാണ്ടിയെ അനുനയിപ്പിക്കാൻ ഉന്നത കോൺഗ്രസ് നേതാക്കൾ എത്തി. ഇനി കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പു:നസംഘടന കൂടി ഉടനുണ്ട്. അതോടെ കാര്യങ്ങൾ ഒരു വഴിക്കാകും. കെ.പി.സി.സി പുന:സംഘടന നടത്താൻ ഇഷ്ടം പോലെ സമയമുണ്ടായിരുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ എന്തിനാണ് ഗ്രൂപ്പു കളിച്ച് പരസ്പരം ചെളിവാരി എറിയാൻ അവസരമുണ്ടാക്കി കൊടുത്തതെന്നാണ് നേതാക്കന്മാരോട് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |