പാറശാല: ഭിന്നശേഷി കുട്ടികൾക്കായി പഞ്ചായത്ത് നിർമ്മിച്ച ബഡ്‌സ് സ്‌കൂൾ ഉദ്‌ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും പൂട്ടിയ നിലയിൽ. കാരോട് ഗ്രാമപഞ്ചായത്തിലെ കുഴഞ്ഞാൻവിള വാർഡിൽ കെ.ആൻസലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 67ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒറ്റനില കെട്ടിടമാണ് കാട്പിടിച്ച നിലയിൽകിടക്കുന്നത്. പഞ്ചായത്തിലെ 60 ഓളം വരുന്ന ഭിന്നശേഷി കുട്ടികളുടെ ക്ഷേമത്തിനായി നിർമ്മിച്ചതാണീ സ്‌കൂൾ കെട്ടിടം. ചെങ്കവിള വാടക കെട്ടിടത്തിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. എന്നാൽ കൂടുതൽ കൂട്ടികളെത്തുന്ന മേഖലയിൽ സ്വന്തമായുള്ള കെട്ടടത്തിൽ സ്‌കൂൾ പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് കാരുണ്യപ്രവർത്തകനായ പോൾരാജ് സ്‌കൂൾ നിർമ്മിക്കാനായി 10സെന്റ് നൽകിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടെ സ്‌കൂൾ പണിതെങ്കിലും മുകളിലൂടെ കടന്ന് പോകുന്ന കെ.എസ്.ഇ.ബി 11കെ.വി ലൈൻ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് തടസമായി. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അധികൃതരുടെ അനാസ്ഥ
ഉദ്‌ഘാടനം കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, കെട്ടിടത്തിന് മുകളിലൂടെ 11 കെ.വി ലൈൻ കടന്ന് പോകുന്നത് കാരണം വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി അധികൃതരും തയ്യാറാകുന്നില്ല. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് അധികൃതർ സ്വമേധയാ മുന്നോട്ട് വന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷാകർത്തകളുടെയും ആവശ്യം.
പ്രതികരണം:
കെ.എസ്.ഇ.ബി അധികൃതർ ലൈൻ മാറ്റി സ്ഥപിക്കാത്ത പക്ഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനോ, ഇൻസുലേറ്റഡ് ലൈൻ സ്ഥാപിക്കുന്നതിനോ വേണ്ടത്ര നടപടികൾ സ്വീകരിക്കും
സി.എ.ജോസ്
പ്രസിഡന്റ് കാരോട് ഗ്രാമപഞ്ചായത്ത്
ഫോട്ടോ: തുറന്ന് പ്രവർത്തിക്കാനാവാതെ തുടരുന്ന കാരോട് പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |