പള്ളുരുത്തി: ഇടക്കൊച്ചി പൊതു ശ്മശാനം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന് പരാതി. മൃതദേഹവുമായി ബന്ധുക്കൾ എത്തിയാൽ യഥാസമയം സംസ്കാരം നടക്കുന്നില്ലെന്നാണ് വ്യാപക പരാതി. ഇന്നലെ ഇടക്കൊച്ചി സലിം കുമാർ റോഡിൽ നിന്ന് സുകുമാരൻ എന്നയാൾ മരിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടിനാണ് സംസ്കാര ചടങ്ങുകൾ അറിയിച്ചിരുന്നത്. എന്നാൽ 2ന് എത്തിയ ബന്ധുക്കൾ കണ്ടത് മദ്യപിച്ച് കിടക്കുന്ന ശ്മശാനം നടത്തിപ്പുകാരനെ. ഇയാളുടെ കൂടെ സത്ക്കാരത്തിന് എത്തിയ നാലുപേരുമുണ്ടായിരുന്നു. ബന്ധുക്കൾ ചൂടായതോടെ രംഗം വഷളായി. കാര്യങ്ങൾ കയ്യാങ്കളി വരെ എത്തി. ഇവിടെ ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
മൃതദേഹം ദഹിപ്പിക്കാൻ 3500 രൂപയാണ് നൽകുന്നത്. കരാർ എടുക്കാൻ ആളില്ലാത്തതിനാൽ ഈ തുക മുഴുവനും ജോലിക്കാരനാണ് എടുക്കുന്നത്. ഒരേ സമയം കൂടുതൽ മൃതദേഹങ്ങൾ വന്നാൽ പള്ളുരുത്തി പൊതു ശ്മശാനത്തിലേക്ക് വിടാറാണ് പതിവ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രണ്ട് ചൂളകൾ ഉണ്ടെങ്കിലും പ്രവർത്തിക്കാത്ത നിലയിലാണ്. ശ്മശാന പരിസരം മുഴുവനും കാട് പിടിച്ച് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
കരാർ വിളിച്ചിട്ട് എടുക്കാൻ ആരും വരാത്തതിനെ തുടർന്നാണ് സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചിരിക്കുന്നത്. അടിയന്തരമായി കോർപ്പറേഷൻ വഴി കരാർ നൽകും
ജീജ ടെൻസൻ
ഡിവിഷൻ കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |